02 June Tuesday

മോട്ടോർവാഹന വകുപ്പും തിരക്കിലാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020
കൊല്ലം
കൊറോണ കാലത്ത്‌ നിയന്ത്രണങ്ങൾ ലംഘിച്ച്‌ നിരത്തിലിറങ്ങുന്നവരെ പിടികൂടാനും തെരുവിൽ കഴിയുന്നവരെ കണ്ടെത്താനും മോട്ടോർവാഹന വകുപ്പ്‌. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലും സജീവം. 8547639102 എന്ന നമ്പരിലേക്ക്‌ വിളിച്ചാൽ വീട്ടിൽനിന്ന്‌  പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ അവശ്യസാധനങ്ങൾ എത്തിക്കാനും സെൽ നടപടിയെടുക്കും. ജില്ലയിൽ 30 പേർ അടങ്ങിയ എൻഫോഴ്‌സ്‌മെന്റിന്‌ പുറമെ സബ്‌ ആർടിഒ ഓഫീസുകളിലെ ജീവനക്കാരും പ്രവർത്തനത്തിൽ ജാഗരൂകരാണ്‌. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ഡി മഹേഷ്, ജില്ലാ ചുമതലയുള്ള ആർടിഒ ആർ രാജീവ്‌ എന്നിവർ നേതൃത്വം നൽകുന്നു. മോട്ടോർവാഹന വകുപ്പിനെ സഹായിക്കാൻ ട്രാക്കിന്റെ വളന്റിയേഴ്‌സും സർവീസിൽനിന്നു വിരമിച്ചവരുമുണ്ട്‌. പൊലീസുമായി സഹകരിച്ചാണ്‌ പ്രവർത്തനം. പോയിന്റ്‌ ഡ്യൂട്ടി, പട്രോളിങ് എന്നിവയാണ്‌ പ്രധാന ചുമതല. രാവിലെ ഏഴു മുതൽ രണ്ടുവരെയും രണ്ടുമുതൽ രാത്രി ഒമ്പതുവരെയുമാണ്‌ ഡ്യൂട്ടി. നിയന്ത്രണങ്ങൾ ലംഘിച്ച്‌ റോഡിൽ ഇറങ്ങുന്ന വാഹനങ്ങൾ പിടികൂടി പൊലീസിനു കൈമാറുകയാണ്‌ ചെയ്യുന്നത്‌. അതിനിടെ അടിയന്തര കാര്യങ്ങൾക്കായി സംസ്ഥാനം വിട്ടുപോകേണ്ട വാഹനങ്ങൾക്ക്‌ പാസും മോട്ടോർ വാഹനവകുപ്പ്‌ നൽകുന്നുണ്ട്‌. വെടിവച്ചാംകോവിലിൽ റോഡിൽ താണുപോയ കൊല്ലത്തേക്ക്‌ അരിയുമായി വന്ന ലോറിയെ കൊല്ലത്ത്‌ എത്തിക്കുന്നതിലും ഇടപെട്ടു. കഴിഞ്ഞദിവസം നഗരത്തിലും പരിസരത്തും കഴിയുന്ന അശരണരായ നാലുപേരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.  മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബിനു ജോർജ്‌, സുമോദ്‌ സഹദേവൻ എന്നിവർ കൊല്ലത്ത്‌ രണ്ട്‌ സ്‌ക്വാഡിനും പി എൽ സന്തോഷ്‌ കുന്നത്തൂരിലും ലാജി കരുനാഗപ്പള്ളിയിലും എം ഐ ഫിറോസ്‌, ശ്രീകുമാർ എന്നിവർ കൊട്ടാരക്കരയിലും അശോക്‌ പുനലൂരിലും പത്തനാപുരത്തും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top