കൊല്ലം
അനുദിനം കുതിച്ചുയരുന്ന ഇന്ധനവില വർധന കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ മോട്ടോർ വാഹനപണിമുടക്കിൽ പ്രതിഷേധം ഇരമ്പി. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസഹമാക്കുന്ന മോഡി സർക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ എല്ലാ തൊഴിലാളികളും ഒറ്റക്കെട്ടായി അണിനിരക്കുന്ന കാഴ്ചയാണ് ജില്ലയിൽ കണ്ടത്.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, യുടിയുസി, എസ്ടിയു, കെടിയുസി എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് എങ്കിലും ബിഎംഎസ് യൂണിയനിൽപ്പെട്ടവരും പങ്കെടുത്തു. 13 കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടന്നു. ചിന്നക്കടയിൽ റെസ്റ്റ് ഹൗസിന്റെ മുന്നിൽനിന്ന് പ്രകടനം ആരംഭിച്ചു. ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്തു. തൊഴിലാളികളെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു സർക്കാരും കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നിട്ടില്ലെന്നും ജനങ്ങളുടെ ദുരിതം കണ്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, ജയപ്രകാശ് (ഐഎൻടിയുസി), അജിത്ത് അനന്തകൃഷ്ണൻ, കെ പി ഉണ്ണികൃഷ്ണൻ (യുടിയുസി), ജി ലാലുമണി (സിഐടിയു), ബി ശങ്കർ, കുരീപ്പുഴ ഷാനവാസ്, എക്സ് ഏണസ്റ്റ്, ബി തുളസീധരക്കുറുപ്പ്, എ എം ഇക്ബാൽ, സി ജെ സുരേഷ് ശർമ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..