28 September Wednesday

ഇരുചക്ര വാഹന മോഷണം: 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022
കരുനാഗപ്പള്ളി
കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച നാലുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ്‌ ചെയ്തു. കൊല്ലം വെസ്റ്റ് തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ ജിത്തു എന്ന സിജു (19), കുരീപ്പുഴ ജിജി ഭവനിൽ ആദർശ് (19) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പരിധിയിൽ നിന്നുമാത്രം ഇരുപതിലധികം ആഢംബര ബൈക്കുകൾ ഇവർ മോഷ്ടിച്ചതായി പൊലീസ്‌ പറഞ്ഞു. 
പ്രായപൂർത്തിയാകാത്ത കുട്ടികളെ കൂട്ടുപിടിച്ചാണ് മോഷണം നടത്തിവന്നത്. മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചുനാൾ ഉപയോഗിച്ചശേഷം ആളൊഴിഞ്ഞ കായൽതീരത്തും പറമ്പുകളിലും എത്തിച്ച് പൊളിച്ചുവിൽക്കുകയാണ് രീതി. അഞ്ചാലുംമൂട് ഭാഗത്തുള്ള ആക്രിക്കടയിലാണ് ഇവർ വാഹനങ്ങളുടെ ഭാഗങ്ങൾ വിറ്റിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. കണ്ടെടുത്ത ഒരു ബൈക്കിന്റെ പെട്രോൾടാങ്കും മറ്റു ഭാഗങ്ങളും ഇളക്കിമാറ്റിയ നിലയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് കരുനാഗപ്പള്ളിയിലെ ഒരു വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മതിൽ ചാടിക്കടന്നശേഷം പൂട്ടുപൊളിച്ചു മോഷ്ടിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ഇതിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരുനാഗപ്പള്ളിയിലും സമീപ സ്ഥലങ്ങളിലും നൂറിലധികം സിസിടിവികൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കായംകുളം താലൂക്കാശുപത്രിക്ക്‌ സമീപത്തുനിന്നും ഒരാഴ്ച മുമ്പ് കാണാതായ ബൈക്കും കണ്ടെടുത്തു.  
ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ശ്രീകുമാർ, എഎസ്ഐമാരായ നൗഷാദ്, നിസാമുദീൻ, സിപിഒമാരായ ഹാഷിം, സിദ്ദിഖ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top