12 August Friday

പ്രതിഷേധക്കനൽ

സ്വന്തം ലേഖകൻUpdated: Saturday Jul 2, 2022

എ കെ ജി സെന്ററിന്‌ നേരെ ബോംബെറിഞ്ഞ അക്രമികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം കൊല്ലം ഏരിയകമ്മിറ്റി കൊല്ലത്ത്‌ നടത്തിയ പ്രകടനം

കൊല്ലം

എ കെ ജി സെന്ററിനു നേരെയുണ്ടായ ബോംബേറിൽ ജില്ലയിലെങ്ങും പ്രതിഷേധാഗ്നി. തെരുവീഥികളിൽ ഉജ്വല മുദ്രാവാക്യങ്ങൾ അലടയിച്ചു. കൈയിൽ ചെങ്കൊടിയേന്തി സ്‌ത്രീകളും കുട്ടികളും തൊഴിലാളികളും യുവജനങ്ങളും പാതയോരങ്ങളിലൂടെ മാർച്ച്‌ നടത്തി. പ്രകോപനം സൃഷ്ടിക്കാതെയും അക്രമത്തെ ഒരിക്കലും അംഗീകരിക്കില്ലെന്ന്‌ ഓർമിപ്പിച്ചുമായിരുന്നു ജാഥകൾ.  
സിപിഐ എം പ്രവർത്തകർക്കൊപ്പം സമൂഹത്തിന്റെ നാനാമേഖലകളിൽനിന്നുള്ളവരും കിരാതപ്രവൃത്തിക്കെതിരെ അണിചേർന്നതോടെ  പ്രതിഷേധം നാടിന്റെ ശബ്ദവും അക്രമികൾക്കുള്ള താക്കീതുമായി. ജില്ലാ കേന്ദ്രമായ ചിന്നക്കടയിൽ രാവിലെ റസ്റ്റ്‌ ഹൗസിനു മുന്നിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ് ബേയിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എ എം ഇക്ബാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, എം എച്ച് ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസന്ന ഏണസ്റ്റ്, എം വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
കൊട്ടാരക്കര താലൂക്കാശുപത്രി ജങ്ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം കച്ചേരി ജങ്ഷൻ, ചന്തമുക്ക് വഴി പുലമൺ ജങ്ഷനിൽ സമാപിച്ചു.  യോ​ഗം ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനംചെയ്തു. സി മുകേഷ് അധ്യക്ഷനായി. 
കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിനു സമീപത്തുനിന്ന് ആരംഭിച്ച  പ്രകടനം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.
സിപിഐ എം കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എക്‌സ് ഏണസ്റ്റ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് പ്രസാദ് സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗം എം നൗഷാദ് എംഎൽഎ സംസാരിച്ചു.
കുണ്ടറ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മുക്കടയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഇളമ്പള്ളൂർ,റെയിൽവേ സ്റ്റേഷൻ ജങ്‌ഷൻ എന്നിവിടങ്ങളിലെത്തി മുക്കടയിൽ സമാപിച്ചു. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്ഘാടനംചെയ്തു. എല്ലാ ഏരിയയിലും ലോക്കൽകമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
 
 
ഞെട്ടൽ ഉളവാക്കിയ സംഭവം 
തിരുവനന്തപുരത്ത്‌ എ കെ ജി സെന്ററിനുനേരെ നടന്ന ബോംബേറ്‌ ഞെട്ടൽ ഉളവാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. സംഭവം കേരളത്തിന്റെ സാമൂഹ്യ–- രാഷ്ട്രീയ മണ്ഡലങ്ങളെയാകെ ഞെട്ടിച്ചു. ഏതോ ഗൂഢശക്തികൾ കരുതിക്കൂട്ടി നടത്തിയതാണിത്‌. കണ്ണൂരിലും വയനാട്ടിലും രാഹുൽഗാന്ധി എത്താനിരിക്കെ ഒരു കോൺഗ്രസ്‌ പ്രവർത്തകനും ഇങ്ങനൊരു പ്രവൃത്തിചെയ്യുമെന്ന്‌ വിശ്വസിക്കാനാകില്ല. മുഖ്യധാരാ രാഷ്ട്രീയപാർടികളെ തമ്മിലടിപ്പിക്കാനുള്ള ഹീനശ്രമത്തിനെതിരെ പൊതുസമൂഹം ഉണരണം. പാർടി ഓഫീസുകളും നേതാക്കളുടെ വീടുകളും ആക്രമിക്കുന്നതും തടസ്സങ്ങൾ സൃഷ്ടിക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.
–-ആർ ചന്ദ്രശേഖരൻ (സംസ്ഥാന പ്രസിഡന്റ്‌, 
ഐഎൻടിയുസി) 
 
 
സമാധാനാന്തരീക്ഷം 
തകർക്കാനുള്ള ശ്രമം
യുഡിഎഫും ബിജെപിയും ചേർന്ന്‌ കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുകയാണ്‌. കേരളത്തിൽ സമാധാനാന്തരീക്ഷമില്ലെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമമാണ്‌ ഇതിനു പിന്നിൽ. അക്രമസമരത്തിന്റെ പാതയിലാണ്‌ കോൺഗ്രസ്‌. കോൺഗ്രസ്‌ സംസ്‌കാരത്തിനു ചേർന്നതല്ല ഇത്‌.  സമാധാനപരമായ സമരങ്ങളിലൂടെയാണ്‌ കോൺഗ്രസ്‌ രാജ്യത്ത്‌ വളർന്നത്‌. എന്നാൽ, ഇന്നവരുടെ സമരരീതികൾ എല്ലാം വളരെ മോശമാണ്‌. രാഹുൽഗാന്ധിയെ ഇഡി ചോദ്യംചെയ്‌തതിനും കേരള പൊലീസിനെ കല്ലെറിയുകയാണ്‌ ഇവർ.  നഗരമധ്യത്തെ എ കെ ജി സെന്റർ ഒറ്റയ്‌ക്ക്‌ ഒരാൾവന്ന്‌ ആക്രമിക്കുക എന്നത്‌ ഗൂഢാലോചനയുടെ ഭാഗമാണ്‌. മുഖ്യമന്ത്രിയെ വിമാനത്തിൽ രണ്ടുപേർ ആക്രമിക്കാൻ ശ്രമിച്ചതും ഇതുമായി കൂട്ടിവായിക്കണം.
–-കെ ബി ഗണേഷ്‌കുമാർ എംഎൽഎ
 
 
സമൂഹത്തിന്റെ സമാധാനം കെടുത്തും
പാർടി ഓഫീസുകൾ, സാമൂഹ്യ പ്രസ്ഥാനങ്ങൾ എന്നിവ ആക്രമിക്കുന്നത്‌ സമൂഹത്തിന്റെ സമാധാനം കെടുത്താനും എല്ലാ മേഖലകളിലെയും വികസനം സ്തംഭിക്കാനും കാരണമാകും. എ കെ ജി സെന്റർ രാഷ്ട്രീയ പാർടിയുടെ കേന്ദ്രം മാത്രമല്ല, നിരവധി പഠനങ്ങൾക്കും പദ്ധതികൾക്കുമായുള്ള ഗവേഷണകേന്ദ്രം കൂടിയാണ്. സമൂഹവിരുദ്ധ ശക്തികൾക്ക് മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കുകയും അതുവഴി സമൂഹത്തിന്റെ സ്വൈര്യത നഷ്ടപ്പെടുത്താനും കഴിയൂ. അഹിംസ ഉയർത്തിപ്പിടിക്കുന്ന ഗാന്ധിഭവൻ ഇത്തരം പ്രവർത്തനങ്ങളെ തള്ളിക്കളയുന്നു.
 
പുനലൂർ സോമരാജൻ, സെക്രട്ടറി, ഗാന്ധിഭവൻ. 
 
 
 
പ്രതിപക്ഷത്തിന്റെ സമനില തെറ്റി 
എ കെ ജി സെന്ററിന്‌ ബോംബെറിഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. എ കെ ജി സെന്ററിൽ ഉണ്ടായിരുന്നവരെ അപായപ്പെടുത്തുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിത്‌. നാട്ടിൽ അക്രമമുണ്ടാക്കി അത്‌ സർക്കാരിന്റെ വീഴ്‌ചയാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമമാണിത്‌. പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ വിറളിപൂണ്ട പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്‌.
–- കോവൂർ കുഞ്ഞുമോൻ എംഎൽഎ 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top