09 August Tuesday

ഓച്ചിറ കുടിവെള്ള പദ്ധതി; കണ്ടിയൂർ കടവിൽ പരീക്ഷണ പമ്പിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

 

കരുനാഗപ്പള്ളി 
വൈദ്യുതി കണക്‌ഷൻ ലഭിച്ച ഓച്ചിറ കുടിവെള്ള പദ്ധതിയുടെ കണ്ടിയൂർകടവിൽ നിന്നുള്ള പരീക്ഷണ പമ്പിങ്‌ ആരംഭിച്ചു. ആദ്യ അഞ്ചുദിവസത്തെ പരീക്ഷണത്തിനു ശേഷം സ്ഥിരമായി പമ്പിങ്‌ നടത്തും. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ മോട്ടോറുകൾക്ക് വൈദ്യുതി കണക്‌ഷൻ ലഭിച്ചിരുന്നില്ല. വാട്ടർ അതോറിറ്റി കെഎസ്ഇബിയ്ക്ക് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച തർക്കമായിരുന്നു കാരണം. കുടിശ്ശിക ഉടൻ അടയ്ക്കാമെന്ന ഉറപ്പിൽ കെഎസ്ഇബി അനുകൂല തീരുമാനം എടുത്തതോടെയാണ് വൈദ്യുതി ലഭിച്ചത്‌. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ട്രാൻസ്‌ഫോർമറിന് വൈദ്യുത കണക്‌ഷൻ നൽകി. പമ്പ് സെറ്റുകൾക്ക് വൈദ്യുത കണക്‌ഷൻ നൽകുന്ന ജോലിയും അവസാനഘട്ടത്തിലാണ്. 300 എച്ച്പിയുടെ രണ്ട് മോട്ടോറാണ് പുതിയതായി സ്ഥാപിച്ചത്. ഇതിൽ ഒരെണ്ണം മാത്രമായിരിക്കും ഒരുസമയം പ്രവർത്തിക്കുക. കെഎസ്ഇബിയുടെ മാവേലിക്കര സബ് സ്റ്റേഷനിൽ നിന്ന് കണ്ടിയൂർകടവിലെ പമ്പ് ഹൗസിലേക്ക് ഫീഡർലൈൻ വഴി നേരിട്ടാണ് വൈദ്യുതി എത്തിക്കുന്നത്. അതിനാൽ, പ്രാദേശികമായി ഉണ്ടാകുന്ന വൈദ്യുത തടസ്സങ്ങൾ പമ്പിങ്ങിനെ ബാധിക്കില്ല. മോട്ടോര്‍ പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നതോടെ നേരത്തേ ഉണ്ടായിരുന്ന 10 എംഎൽഡി വെള്ളത്തിന് പ്രതിദിനം 15 എംഎൽഡി വെള്ളം പമ്പ് ചെയ്യാനാകും. വർഷങ്ങൾ പഴക്കമുള്ള മോട്ടോറുകളുടെ പ്രവർത്തനശേഷി കുറഞ്ഞതോടെയാണ് പുതിയ മോട്ടോറുകൾ സ്ഥാപിക്കാൻ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎയായിരുന്ന ആർ രാമചന്ദ്രന്റെ നിരന്തര ഇടപെടലിനെ തുടർന്ന് സർക്കാർ തീരുമാനിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top