07 July Tuesday
ഉത്ര കൊലപാതകം

കേസന്വേഷണം വഴിത്തിരിവിൽ

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020
അഞ്ചൽ 
ഉത്രയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തി എന്ന കേസിൽ  ഭർത്താവ്‌ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ അറസ്റ്റിലായതോടെ അന്വേഷണം വഴിത്തിരിവിൽ. കൊലപാതകത്തിലെ ഗൂഢാലോചനയിലും സ്വർണം ഒളിപ്പിക്കുന്നതിലും ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിലും സൂരജിന്റെ  വീട്ടുകാരും കൂട്ടുനിന്നുവെന്ന പരാതി ശരിവയ്‌ക്കുന്നതിലേക്കാണ്‌ അന്വേഷണം നീളുന്നത്‌. സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ചൊവ്വാഴ്‌ച അറസ്റ്റിലായേക്കും.  
സുരേന്ദ്രപ്പണിക്കരെ അന്വേഷകസംഘം തിങ്കളാഴ്‌ച രാത്രിയാണ്‌ പറക്കോട്ടെ വീട്ടിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌തത്‌. സൂരജും ബന്ധുക്കളും ചേർന്ന്‌ ഒളിപ്പിച്ച സ്വർണം വീടിനു സമീപത്തെ റബർ പുരയിടത്തിൽനിന്നു‌ കണ്ടെടുത്തിട്ടുണ്ട്‌. സൂരജ്‌ പാമ്പിനെ വിലയ്‌ക്കുവാങ്ങിയത്‌ അറിയാമെന്ന ബന്ധുവിന്റെ മൊഴിയും നിർണായകമാണ്‌. കൊല്ലം റൂറൽ കൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ  മണിക്കൂറുകൾ ചോദ്യംചെയ്‌താണ്‌  അച്ഛനെ അറസ്റ്റ്‌‌ ചെയ്‌തത്‌. സൂരജിന്റെ പറക്കോട്ടെ വീട്ടിൽ വിരലടയാളം–- ഫോറൻസിക്‌ വിദഗ്‌ധർ ഉൾപ്പെടെയുള്ള അന്വേഷകസംഘം  വിശദമായ പരിശോധന നടത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മുറിയും 
പരിശോധിച്ചു.  
ബാങ്ക്‌ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം മാർച്ച്‌ രണ്ടിനാണ്‌‌ സൂരജ്‌ എടുത്തത്‌. അന്നു‌ രാത്രിയിലാണ്‌ ഭർതൃഗൃഹത്തി  ഉത്രയെ ആദ്യമായി പാമ്പുകടിച്ചതും. തുടർന്ന്‌ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽനിന്ന്‌ 12 പവന്റെ ആഭരണങ്ങളും സൂരജ്‌ ഊരിയെടുത്തതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. 
അഞ്ചൽ ഏറം വെള്ളശ്ശേരിൽ വീട്ടിൽ ഉത്രയെ മെയ്‌ ഏഴിനു‌ രാവിലെയാണ്‌ ഏറത്തെ വീടിനുള്ളിൽ പാമ്പുകടിയേറ്റ്‌ മരിച്ചനിലയിൽ കണ്ടത്‌. ഉത്ര മരിച്ച ദിവസം ഏറത്തെ വീട്ടിലെത്തിയ സൂരജിന്റെ ബന്ധു സുരേഷിൽനിന്നു‌ വാങ്ങിയ പാമ്പ് എവിടെയെന്ന് തിരക്കിയതായി അറിയുന്നു.
ഉത്രയുടെ അച്ഛനമ്മമാരിൽനിന്ന്‌ മൊഴിയെടുത്തു 
ഭർത്താവ്‌ സൂരജും കുടുംബാംഗങ്ങളും ഉത്രയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന  പരാതിയിൽ സംസ്ഥാന വനിതാകമീഷൻ സ്വമേധയാ കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ്‌ ഉത്രയുടെ അച്ഛനമ്മമാരിൽനിന്ന്‌ മൊഴിയെടുത്തു. 
പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ  ഏറത്തെ വീട്ടിൽ എത്തിയായിരുന്നു വിവരങ്ങൾ തേടിയത്‌.  വനിതാകമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, അംഗങ്ങളായ ഷാഹിദാ കമാൽ, എം എസ്  താര, ഷിജി ശിവജി എന്നിവർ നേരത്തെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
പ്രധാന വാർത്തകൾ
 Top