12 July Sunday

സർക്കാർ വാഗ്ദാനം പാലിച്ചു

അനൂപ് ഷാഹുൽUpdated: Tuesday Jun 2, 2020

 ചവറ 

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിൽ കരാർ  ലാപ്പാത്തൊഴിലാളികളെ  കമ്പനിത്തൊഴിലാളികളായി നിയമിച്ചതോടെ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം നടപ്പിലായി. ഇതോടെ കമ്പനിക്കായി വീടും വസ്തുവും നൽകിയവരും  ദീർഘനാളായി കരാർ മേഖലയിൽ പണിയെടുത്തവരുമായ ലാപ്പാത്തൊഴിലാളികളുടെ ജീവിത സ്വപ്നമാണ് സഫലമായത്. അന്തരിച്ച എൻ വിജയൻപിള്ള എംഎൽഎ  തൊഴിലാളികൾക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടു. 
ലാപ്പാത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് 2008ൽ സിഐടിയു  നടത്തിയ സമരങ്ങളുടെ ഫലമായി സർക്കാർ റിട്ട. അസിസ്റ്റന്റ്‌ ലേബർ കമീഷണറെ നിയമന നടപടികൾക്ക്‌ നിയമിച്ചിരുന്നു. എന്നാൽ, യുഡിഎഫ് യൂണിയനുകൾ തീരുമാനം അട്ടിമറിച്ചു. 2010ൽ എൽഡിഎഫ് സർക്കാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ആരംഭിച്ച നടപടിക്ക്‌ യുഡിഎഫ് അനുകൂല യൂണിയനുകൾ  ഹൈക്കോടതിയിൽനിന്ന്‌ സ്റ്റേ വാങ്ങി. 2012ൽ 7000 കരാർത്തൊഴിലാളികളിൽനിന്ന്‌ ലാപ്പാവഴി 927 പേരുടെ ലിസ്റ്റുണ്ടാക്കി. ഇതിനിടെ യുഡിഎഫ് സർക്കാർ ലിസ്റ്റിൽപ്പെട്ട കുറേയധികം തൊഴിലാളികൾക്ക് അപേക്ഷ നൽകാനാകാത്ത തരത്തിൽ വിജ്ഞാപനം  വിളിച്ച് ഇന്റർവ്യൂ നടപടി ആരംഭിച്ചു. 
ഇതിനെതിരെ സിഐടിയു, എഐടിയുസി യൂണിയനുകൾ  സമരം ആരംഭിച്ചു. ഈ കാലയളവിൽ  മന്ത്രിയായിരുന്ന ഷിബു ബേബിജോൺ ലാപ്പാത്തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ഒരു നടപടിയുമെടുത്തില്ല. തുടർന്ന് എൽഡിഎഫ്  അധികാരത്തിലെത്തിയപ്പോൾ ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ലാപ്പാത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വീണ്ടും സമരം നടത്തി.  2018 ഡിസംബർ ഒന്നിന്  ടൈറ്റാനിയം ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ  126 ദിവസം റിലേ സത്യഗ്രഹം നടത്തി.  
ഇതിനിടെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന വിഷയം എൻ വിജയൻപിള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. വ്യവസായമന്ത്രിയും അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, ചിലർ ഇതിനെതിരെ കോടതിയിൽനിന്ന്‌ വിധിനേടി. 
തുടർന്ന് സർക്കാർ തീരുമാനപ്രകാരം ലാപ്പാ സൊസൈറ്റിയെ ഒഴിവാക്കി തൊഴിലാളികളെ കമ്പനി നേരിട്ടു നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി  ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, എൻ വിജയൻപിള്ള എംഎൽഎ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, ബോർഡ് അംഗം പി രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ(സിഐടിയു) പ്രസിഡന്റ്‌ എൻ പത്മലോചനൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി മനോഹരൻ എന്നിവരടക്കമുള്ള നേതാക്കളും സർക്കാരിൽ ശക്തമായ സമ്മർദമാണ് ചെലുത്തിയത്. തങ്ങളെ കമ്പനിത്തൊഴിലാളികളാക്കിയ എൽഡിഎഫ് സർക്കാരിനും മന്ത്രി ഇ പി ജയരാജനും തൊഴിലാളികൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
പ്രധാന വാർത്തകൾ
 Top