11 April Sunday
ദേശീയപാത 66 വികസനം

108 കോടി രൂപ നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍Updated: Tuesday Mar 2, 2021
കൊല്ലം
ദേശീയപാത 66 വികസനത്തിന്‌ സ്ഥലം വിട്ടുനൽകിയവർക്കുള്ള‌ നഷ്‌ടപരിഹാരമായി  ദേശീയപാത അതോറിറ്റി 108 കോടി രൂപ അനുവദിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ ആദിനാട്‌, കുലശേഖരപുരം, ഓച്ചിറ വില്ലേജുകളിൽപ്പെട്ട 255 പ്ലോട്ടുകാർക്കാണ്‌  ‌ഈ തുക  നൽകുക. ജില്ലയിൽ ആദ്യമായാണ്‌ നഷ്‌ടപരിഹാരം അനുവദിക്കുന്നത്‌. 
സ്ഥലപരിശോധന, വിചാരണ, രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ നഷ്‌ടപരിഹാരം വിതരണംചെയ്യും. നിയമ തടസ്സം ഉളളവർക്കും ‌ പരാതികളിൽ തീർപ്പാകാനുള്ളവർക്കും ഇപ്പോൾ ലഭിക്കില്ല. ചില സ്ഥലത്ത്‌ കട ഏറ്റെടുത്തതിനാൽ തൊഴിൽ നഷ്‌ടപ്പെടുന്നവർക്കും നഷ്‌ടപരിഹാരം  നൽകേണ്ടതുണ്ട്‌.
കുടുതൽ തുക ഓച്ചിറ വില്ലേജിൽ
ഓച്ചിറ മുതൽ വവ്വാക്കാവ്‌ വരെയാണ്‌ ഓച്ചിറ വില്ലേജ്‌ അതിർത്തി. വവ്വാക്കാവ്‌ മുതൽ പുത്തൻതെരുവ്‌ വരെ കുലശേഖരപുരം, പുത്തൻതെരുവുമുതൽ പുതിയകാവുവരെ ആദിനാട്‌ വില്ലേജ്‌ പരിധിയിൽ ഉൾപ്പെടും. ഇതിൽ ഓച്ചിറ വില്ലേജിലാണ്‌ കൂടുതൽ തുക. 
2018 ഫെബ്രുവരി ഒമ്പതിന്‌ ത്രി എ വിജ്ഞാപനവും (ഭൂമി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച അറിയിപ്പ്‌), 2019 ഫെബ്രുവരി നാലിന്‌  ത്രീ ഡി വിജ്ഞാപനവും (ഭൂമി അളന്നു തിട്ടപ്പെടുത്തൽ)വിജ്ഞാപനവും പൂർത്തിയായിരുന്നു. ഇതേത്തുടർന്നുള്ള നടപടിക്രമങ്ങൾക്കുശേഷമാണ്‌ തുക അനുവദിച്ചത്‌.    
ജില്ലയിൽ 31.5 കിലോമീറ്റർ
സംസ്ഥാനത്ത്‌ അഞ്ച്‌ പാക്കേജായാണ്‌ ദേശീയപാത വികസനം. ഇതിൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ (കാവനാട്‌)വരെയും (31.5 കിലോമീറ്റർ) കാവനാട്‌ മുതൽ കടമ്പാട്ടുകോണം വരെ (31.25 കിലോമീറ്റർ) യുമുള്ള മൂന്നും നാലും പാക്കേജാണ്‌ ജില്ലയിലൂടെ കടന്നുപോകുന്നത്‌.  
 ഒരു പാക്കേജിന്റെ ചെലവ്‌ 1250 –-1300 കോടിയും ഭൂമി, കെട്ടിടം നഷ്‌ടപരിഹാരത്തുക ഉൾപ്പെടെ 2400 കോടിയുമാണ്‌. തർക്കങ്ങളും പരാതികളും പരിഹരിച്ചും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുമാണ്‌ സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചത്‌. ചിലർ കോടതിയിൽ പോയത്‌ സ്ഥലം ഏറ്റെടുക്കലിനെ ഇടയ്‌ക്ക്‌ ബാധിച്ചു. ഒടുവിൽ ഹൈക്കോടതി വിധി അനുകൂലമായി. ഏറ്റെടുക്കുന്ന സ്ഥലത്തിന്‌ മതിയായ വില ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും ഇടപെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top