ചവറ
ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായി സന്നിധാനത്ത് കഥകളി അവതരിപ്പിച്ചതിന്റെ ചാരിതാർഥ്യത്തിൽ ചവറ പന്മന മനയിൽ സ്വദേശികളായ അച്ഛനും മകനും. പന്മന മനയിൽ വെളിയിൽ കിഴക്കതിൽ കലാമണ്ഡലം പ്രശാന്തും മകൻ അഭിജിത് പ്രശാന്തുമാണ് ചരിത്രത്തിലേക്ക് മലചവിട്ടി എത്തിയത്. മധു വാരണാസി രചിച്ച മഹിഷീമർദനം ആട്ടക്കഥയാണ് വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിൽ മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളികേന്ദ്രത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത്. മഹിഷിയായി കരിവേഷത്തിൽ പ്രശാന്തും ഇന്ദ്രനായി പച്ചവേഷത്തിൽ അഭിജിത്തും മഹിഷിയുടെ സുന്ദരവേഷത്തിൽ മധു വാരണാസിയും ചുട്ടികുത്തി.
തെക്കൻ കേരളത്തിൽ വർഷത്തിൽ നൂറിലധികം കഥകളി വഴിപാടായി നടത്തുന്ന സംഘമാണ് മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രം. ഇവരോടൊപ്പം മലചവിട്ടാനും കഥകളി വേഷത്തിൽത്തന്നെ അയ്യപ്പദർശനം നടത്താനായതിന്റെയും സന്തോഷത്തിലാണ് അച്ഛനും മകനും. വെളിയിൽ കിഴക്കതിൽ സുരേന്ദ്രൻപിള്ളയുടെയും ശ്രീദേവിയമ്മയുടെയും മകനായ കലാമണ്ഡലം പ്രശാന്ത് മുത്തച്ഛനായ കഥകളി ആസ്വാദകൻ പരമേശ്വരൻപിള്ളയുടെ പിന്തുണയിലാണ് കഥകളി അഭ്യസിച്ചു തുടങ്ങിയത്. എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിജിത്തും അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. ഇരുവരും പഠിച്ച പന്മന മനയിൽ ഹയർസെക്കൻഡറി സ്കൂളിൽ കുചേലനും കൃഷ്ണനുമായി കഥകളി അവതരിപ്പിച്ചും ഇവർ ശ്രദ്ധേയരായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..