16 January Saturday

ജാമ്യത്തിലിറങ്ങിയയാളെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
ഓയൂർ 
വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ആളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിലായി. മീയ്യണ്ണൂർ മലേവയൽ ചരുവിള വീട്ടിൽ നൗഫലി (32)നെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള വീട്ടിൽ സേതുരാജനെ (55) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തനംതിട്ട ഐമാലിയിൽനിന്നാണ് ഇയാളെ പിടികൂടിയത്‌. ‌ 
മാസങ്ങൾക്കു മുമ്പ്‌ വഴിത്തർക്കത്തെതുടർന്ന് ജലജനും സേതുരാജനും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന്‌ സേതുരാജൻ ജലജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. റിമാൻഡിലായിരുന്ന സേതുരാജന്‌ അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. ഇയാളെ ഒക്ടോബർ 18ന് പുലർച്ചെ ഏഴംഗ സംഘം വീട് തകർത്ത് അകത്തുകടന്ന്  ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. സഹോദരങ്ങളായ മരുതമൺപള്ളി ഗൗരീശങ്കരത്തിൽ ജലജൻ (39), തിലജൻ (41) എന്നിവരെ പത്തനംതിട്ടയിൽനിന്നു നേരത്തെ പിടികൂടിയിരുന്നു. ഇനി നാലുപേർ കൂടി പിടിയിലാകാനുണ്ട്. ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാന പ്രതിയാണ് നൗഫൽ. 
ഇയാൾ ജലജനും തിലജനുമൊപ്പം പത്തനംതിട്ടയിൽ മണ്ണ് മാന്തിയന്ത്രം പ്രവർത്തിക്കുന്ന ജോലിക്കിടെയാണ് ഗൂഢാലോചന നടത്തിയത്. നൗഫലിനെതിരെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്‌പി നസീറിന്റെ നേതൃത്വത്തിൽ പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻബാബു, എസ്‌സിപിഒമാരായ ലിജു വർഗീസ്, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top