19 January Sunday

കുട്ടിപ്പൊലീസിന്‌ ബിഗ്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌‌പിസി യൂണിറ്റ്‌ അംഗങ്ങൾ

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌‌പിസി യൂണിറ്റിന് ഐഎസ്ഒ അംഗീകാരം. അവാർഡ് ദാനച്ചടങ്ങ് ചൊവ്വാഴ്ച രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പഠനം, സേവനം, അച്ചടക്കം എന്നീ ലക്ഷ്യങ്ങളുയർത്തി കുട്ടിപ്പൊലീസ് സംഘം നടത്തിയ വിവിധ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യൂണിറ്റിന് അംഗീകാരം ലഭ്യമായത്.  നിരവധി വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ യൂണിറ്റിനു സംസ്ഥാനത്തെ മികച്ച എസ്‌‌പിസി യൂണിറ്റിനുള്ള അംഗീകാരവും മികച്ച എസ്‌‌പിസി  യൂണിറ്റ് സിപിഒയ്ക്കുള്ള അവാർഡ് സ്കൂളിലെ അധ്യാപിക ജി ശ്രീലതയ്ക്കും ലഭിച്ചിരുന്നു. 
മുനിസിപ്പല്‍ അതിർത്തിയിലെ 150  കിടപ്പു രോഗികൾക്ക് സാന്ത്വനം പകർന്ന് നടത്തിവരുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങള്‍ക്കും  ട്രാഫിക് ബോധവൽക്കരത്തിനും ഗതാഗത നിയന്ത്രണത്തിനുമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ, ശെന്തരുണി വനമേഖലയിലുൾപ്പെടെ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങൾ, താലൂക്കാശുപത്രിയിൽ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചു നൽകിയ പ്രവർത്തനങ്ങൾ, പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ നടത്തിയ കരനെൽക്കൃഷി, പഴയ ഉപകരണങ്ങൾ ശേഖരിച്ച് റിപ്പയർ നടത്തി നിർധനരായ സഹപാഠികൾക്ക് എത്തിച്ചു നൽകൽ തുടങ്ങി ഏറ്റെടുത്ത വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് സംഘത്തെ നേട്ടത്തിലെത്തിച്ചത്.
 ഐജി പി വിജയൻ സംസ്ഥാന എസ്‌‌പിസി യൂണിറ്റിന്റെ അഭിമാനമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. ഐഎസ്ഒ കേരളാ മാർക്കറ്റിങ് മാനേജർ എം ശ്രീകുമാർ അവാർഡ് സമ്മാനിക്കും. ഇതോടനുബന്ധിച്ചു ചേരുന്ന സമ്മേളനം ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യും. 
എസ്‌‌പിസി യൂണിറ്റ് സ്ഥാപിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ പി കെ മധു നിർവഹിക്കും. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് എം കെ അഷ്റഫ്, ഹെഡ്മിസ്ട്രസ് ജെ ക്ലാരറ്റ്, എസ്എംസി ചെയർമാൻ ബി എസ് രഞ്ജിത്, എസ്‌‌പിസി സിപിഒ ശ്രീലത, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top