25 October Sunday
മാളിയേക്കൽ റെയിൽവേ മേൽപ്പാലം

ടെൻഡർ നടപടി പൂർത്തിയായി

സ്വന്തം ലേഖകന്‍Updated: Thursday Oct 1, 2020
കരുനാഗപ്പള്ളി
മാളിയേക്കൽ ലെവൽ ക്രോസിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി.  ചെന്നൈ ആസ്ഥാനമായിട്ടുള്ള എസ്‌പിഎൽ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ജർമൻ സാങ്കേതിക വിദ്യകളുള്ള ഇന്ത്യയിലെത്തതന്നെ മികച്ച കമ്പനികളിൽ ഒന്നാണ് എസ്‌പിഎൽ. 
മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന ധർമടം മണ്ഡലത്തിലെ ഉൾപ്പെടെ സംസ്ഥാനത്തെ 10 മേൽപ്പാലങ്ങൾക്കായി 225 കോടി രൂപയുടെ ടെൻഡറായിരുന്നു ക്ഷണിച്ചിരുന്നത്. കരുനാഗപ്പള്ളി–- -ശാസ്താംകോട്ട റോഡിലുള്ള മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽനിന്ന്‌ അനുവദിച്ചിരുന്നത്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലത്തിനു‌ വേണ്ടിവരുന്ന സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. സ്ഥലം വിട്ടുനൽകിയവർക്ക് തുക നേരത്തെ കൈമാറിയിരുന്നു. 
വേഗത്തിൽ പണി പൂർത്തീകരിക്കാനുള്ള സാങ്കേതിക മാർഗത്തിലൂടെയാണ് (ഉരുക്കുപാലം) പാലത്തിന്റെ നിർമാണം. ആദ്യ ഘട്ടമെന്നുള്ള നിലയിൽ കേരള റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷൻ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളും നീക്കംചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. മേൽപ്പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനാകുമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു. മാളിയേക്കൽ ലെവൽ ക്രോസ്‌ യാഥാർഥ്യമാകുന്നതോടെ ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമാണ് നിറവേറാൻ പോകുന്നത്. മണ്ഡലത്തിലെ തന്നെ മറ്റൊരു ലെവൽ ക്രോസായ ചിറ്റുമൂലയിലും മേൽപ്പാലം നിർമിക്കുന്നതിന്‌ ആവശ്യമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രണ്ടു മേൽപ്പാലങ്ങളുടെ നിർമാണത്തിനും കിഫ്ബിയിൽനിന്നാണ് തുക അനുവദിച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top