22 October Tuesday

കണ്ടാൽ പറയുമോ താലൂക്കാശുപത്രിയാണെന്ന്‌!

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കടയ്‌ക്കൽ താലൂക്കാശുപത്രിയിൽ സ്ഥാപിച്ച ആധുനിക സംവിധാനങ്ങൾ

കടയ്‌ക്കൽ 
ഇവിടെയെത്തിയാൽ ആർക്കും സംശയം തോന്നും ഇത്‌ സർക്കാർ ആശുപത്രി തന്നെയാണോയെന്ന്‌. ഒരു കോടി രൂപയുടെ ഓഫീസ്‌ ബ്ലോക്ക്‌, പ്രതിരോധ ചികിത്സയ്‌ക്കു മാത്രമായി ഒരു ബ്ലോക്ക്‌, അത്യാധുനിക ഓപ്പറേഷൻ തിയറ്റർ, കംപ്യൂട്ടറൈസ്‌ഡ്‌ എക്‌സ്‌റേ... പുത്തൻ സംവിധാനങ്ങളിൽ അടിമുടി മാറുകയാണ്‌ കടയ്‌ക്കൽ താലൂക്കാശുപത്രി. 
ഇതിനു പുറമേയാണ്‌ ഓട്ടോക്ലേവ് യൂണിറ്റ്, സെൻട്രലൈസ്ഡ് ഓക്‌സിജൻ പ്ലാന്റ് എന്നിവ സ്ഥാപിച്ചത്‌. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ട് വിനിയോഗിച്ചാണ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. 
ആശുപത്രി ഉപകരണങ്ങൾ പൂർണമായും അണുവിമുക്തമാക്കുന്നതിന് ഏർപ്പെടുത്തുന്ന സംവിധാനമാണ് ഓട്ടോക്ലേവ്  യൂണിറ്റ്. മുറിവ് വച്ചുകെട്ടാൻ ഉപയോഗിക്കുന്ന കോട്ടൺ മുതൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വരെ ഈ  യൂണിറ്റ് വഴി അണുവിമുക്തമാക്കാം. 21 ലക്ഷം രൂപയാണ് ചെലവ്‌. ഉയർന്ന താപനിലയിൽ രണ്ടുമണിക്കൂർ പ്രവർത്തിപ്പിച്ച്  ആശുപത്രി ഉപകരണങ്ങൾ പൂർണമായും  സുരക്ഷിതമാക്കുന്നതിന് സഹായകമാണ് യൂണിറ്റ്. എല്ലാ വാർഡിലും ഓക്‌സിജൻ സൗകര്യം ലഭ്യമാക്കുന്നതിനുള്ള സെൻട്രലൈസ്ഡ് പ്ലാന്റ് നിർമാണവും പൂർത്തിയായി. 30 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.  രോഗികൾക്ക് ആധുനിക സൗകര്യങ്ങളും മികച്ച ചികിത്സയും ഉറപ്പുവരുത്തുന്നതിനാണ്  പ്രഥമ പരിഗണനയെന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി പറഞ്ഞു. 38 ലക്ഷം രൂപ ചെലവഴിച്ച്‌ ഇമ്യൂണൈസേഷൻ ബ്ലോക്കിന്റെ നിർമാണവും പൂർത്തിയാക്കിയതായി പ്രസിഡന്റ് അറിയിച്ചു. 
കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവയ്‌പിനു മാത്രമായി ബ്ലോക്ക് പ്രവർത്തിക്കും. 13 ഡോക്ടർമാരുള്ള  ആശുപത്രിയിൽ ദിവസേന രണ്ടായിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. 
മുല്ലക്കര രത്‌നാകരൻ എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് ഒരു കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന ഓഫീസ് ബ്ലോക്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പവർ ജനറേറ്റർ, അത്യാധുനിക ഓപ്പറേഷൻ തിയറ്റർ എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു. കംപ്യൂറൈസ്ഡ് എക്‌സ്‌റേ,  ഡയാലിസിസ് യൂണിറ്റ്  എന്നിവയും രോഗികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. 
പ്രധാന വാർത്തകൾ
 Top