22 October Tuesday
തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക് ഉദ്‌ഘാടനം നാളെ

തുറക്കുന്നു നല്ല സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്യുന്ന തങ്ങൾകുഞ്ഞ് മുസലിയാർ പാർക്ക്‌

കൊല്ലം
സായാഹ്നങ്ങളെ ആഹ്ലാദകരമാക്കാൻ നഗരഹൃദയത്തിൽ മരങ്ങൾ മേലാപ്പ് തീർത്ത ആശ്രാമത്ത് പാർക്ക് ഒരുങ്ങി. മറ്റു നഗരങ്ങളിലെ ശ്വാസം മുട്ടിക്കുന്ന തിരക്കുകളില്‍നിന്ന് വ്യത്യസ്തമായി കൊല്ലം ഹൃദയത്തോടു ചേർത്ത ആശ്രാമം മൈതാനത്തിനു അഭിമുഖമായാണ് നഗരസഭ പാർക്കൊരുക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫീസിനും ട്രാഫിക് പൊലീസ് സ്റ്റേഷനും ഇടയിലാണ് പ്രകൃതി രമണീയതയെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ച വിശ്രമയിടം. 
ചരിത്രനഗരിയെ ആധുനിക കാലത്തേക്ക് കൈപിടിച്ചു നയിച്ച ടികെഎം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും വ്യവസായ പ്രമുഖനുമായിരുന്ന തങ്ങൾകുഞ്ഞ് മുസലിയാരുടെ സ്മാരകമായാണ് പാർക്ക് ഉയരുന്നത്. 
തിങ്കളാഴ്ച വൈകിട്ട് അഞ്ചിനു മന്ത്രി എ സി മൊയ്തീൻ പാർക്ക് നാടിനു സമർപ്പിക്കും. അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവയ്ക്കു സമീപമായി നിർമിച്ച പാർക്ക് നഗരസായാഹ്നങ്ങളെ കൂടുതൽ ഉല്ലാസകരമാക്കും. ഇരിപ്പിടങ്ങൾ, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, കഫേറ്റീരിയ, ശുചിമുറികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ചിന്നക്കടയ്ക്കും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും സമീപത്ത് വൈകുന്നേരങ്ങളിൽ കുടുംബവും കൂട്ടുകാരുമൊക്കെയായി നഗരത്തിലെത്തി വിശ്രമിക്കാൻ ഒരു കേന്ദ്രമൊരുങ്ങിയതോടെ നഗരത്തിലെ വിവിധങ്ങളായ കച്ചവട സ്ഥാപനങ്ങൾക്കും അനുകൂലമാകുമെന്നാണ് 
വിലയിരുത്തുന്നത്. 
നഗരത്തിന്റെ സൗന്ദര്യവൽക്കരണത്തിലും കച്ചവട പുരോഗതിയിലും വലിയ മാറ്റങ്ങൾക്കു നാന്ദികുറിക്കുന്ന പാർക്ക് അമൃത് പദ്ധതിയിൽനിന്ന് പണം ചെലവഴിച്ചാണ് നിർമിച്ചത്. ഓണാഘോഷത്തിന് നഗരത്തിലേക്കു ചേക്കേറുന്ന ആയിരങ്ങൾക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടമൊരുക്കാൻ പുതിയ പാർക്കിന് കഴിയും.
പ്രധാന വാർത്തകൾ
 Top