18 September Wednesday
കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ

27 ഫാസ്റ്റ് പാസഞ്ചർ ബസുകൾ 4 മുതൽ ചെയിൻ സർവീസ്

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2019
കൊല്ലം
ജില്ലയിൽ 27 ഫാസ്റ്റ് പാസഞ്ചർ ബസുകൾ ആഗസ്ത് നാലുമുതൽ ചെയിൻ സർവീസാകും. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിലെ നിലവിലുള്ള ഫാസ്‌റ്റ്‌ സർവീസുകളാണ് ചെയിൻ സർവീസിലേക്കു മാറുന്നത്‌. ദേശീയപാത 66ലും എംസി റോഡിലുമാണ് കെഎസ്ആർടിസിയുടെ പുതിയ പരീക്ഷണം. കൂടുതൽ യാത്രാ സൗകര്യത്തിനായി തുടങ്ങുന്ന പരിഷ്കാരം കോർപറേഷന്റെ വരുമാനം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. 
കൊല്ലത്തുനിന്നു തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലേക്കും കൊട്ടാരക്കരയിൽ നിന്നു കോട്ടയത്തിനുമാണ് ചെയിൻ സർവീസ്. നിലവിലുള്ള സൂപ്പർ ഫാസ്റ്റ് സർവീസുകൾക്ക് മാറ്റമില്ല. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ എണ്ണത്തിൽ ഇനി കുറവുവരും. നിലവിൽ കൊല്ലത്തുനിന്നു എറണാകുളത്തേക്കുള്ള ഫാസ്റ്റ് തുടരുമെന്നു കൺട്രോളിങ് ഇൻസ്പെക്ടർ രാജു പറഞ്ഞു. 
 29 ഫാസ്റ്റ് പാസഞ്ചർ ബസാണ് കൊല്ലത്തുള്ളത്. ഇതിൽ ആറെണ്ണം തെങ്കാശിക്കും ഒരെണ്ണം മധുരയ്ക്കും സർവീസ് നടത്തുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ചെയിൻ സര്‍വീസ് ആകുന്നതോടെ തെങ്കാശി, മധുര സർവീസുകൾ നിലയ്ക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. 
കൊട്ടാരക്കര ഡിപ്പോയിലുള്ള 23 ഫാസ്റ്റ് പാസഞ്ചർ ബസിൽ അഞ്ചെണ്ണമാണ് ഇനി ചെയിൻ ആകുക. ഇവിടെ നിന്നു എംസി റോഡിൽ 80 കിലോമീറ്റർ ദൂരമുള്ള കോട്ടയത്തിനാണ് ചെയിൻ സർവീസ് തുടങ്ങുന്നത്. നിലവിൽ ഡിപ്പോയിൽ ആറ് സൂപ്പർ ഫാസ്റ്റ് ബസുകളാണുള്ളത്. ഇതിൽ നാലെണ്ണം കോയമ്പത്തൂരിനും ഓരോന്നുവീതം ഗുരുവായൂരിനും കോഴിക്കോടിനും സർവീസ് നടത്തുന്നു.
പ്രധാന വാർത്തകൾ
 Top