19 September Thursday
ബലിതർപ്പണത്തിലും തട്ടിപ്പ്‌

വ്യാജ രസീതും പണവും പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019
 
കുളത്തൂപ്പുഴ
ബലിതർപ്പണത്തിനെത്തിയ ഭക്തർക്കു വ്യാജ രസീത്‌ നൽകി തട്ടിപ്പ്‌. ബലിതർപ്പണത്തിനു അമിത തുക രേഖപ്പെടുത്തിയ വ്യാജ രസീതും പണവും ദേവസ്വം അധികൃതർ പിടിച്ചെടുത്തു. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു മറുകരയിൽ അമ്പലക്കടവിൽ മഹി ശാന്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബലിത്തറയിലാണ് വ്യാജരസീത് അടിച്ചു പണപ്പിരിവ് നടത്തിയത്. മടത്തറയിൽ നിന്നു ബലിതർപ്പണത്തിനെത്തിയ കുടംബം ദക്ഷിണനൽകി കഴിഞ്ഞപ്പോൾ തിരികെ മടങ്ങാൻ പണമില്ലാതെ പ്രയാസത്തിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്‌. 
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനെത്തുന്ന ഭക്തരിൽനിന്നു 50 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നാണ്‌ ചട്ടം. എന്നാൽ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ രവികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കുളത്തൂപ്പുഴ ക്ഷേത്രമെന്ന് അച്ചടിച്ച 100രൂപ രേഖപ്പെടുത്തിയ രസീതുകളാണ് പിടിച്ചത്. ഉടൻ മഹി ശാന്തിയെ കാർമികത്വത്തിൽ നിന്നു വിലക്കി. കുളത്തൂപ്പുഴ പൊലീസിൽ പരാതിയും നൽകി. കുളത്തൂപ്പുഴ സിഐ സതികുമാറിൻെറ നേതൃത്വത്തിൽ പൊലീസെത്തി ബലിത്തറയിൽ ഭക്തർ പ്രവേശിക്കുന്നത് വിലക്കി. മറ്റ് ബലിത്തറകളിലും രസീതില്ലാതെ അമിത തുക ഈടാക്കുന്നതായി പരാതി ഉയർന്നെങ്കിലും നടപടിയെടുക്കാൻ അധികൃതരുണ്ടായില്ലെന്ന്‌ ആക്ഷേപം ഉയർന്നിട്ടുണ്ട്. 
പ്രധാന വാർത്തകൾ
 Top