14 August Friday

അതിജീവന വിജയം 99.08 %

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
കൊല്ലം
കോവിഡ്‌ പരീക്ഷണങ്ങളെ അതിജീവിച്ച്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ കൊല്ലം നേടിയത്‌ 99.08 ശതമാനം വിജയം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്‌‌. ആകെ വിജയശതമാനത്തിൽ സംസ്ഥാനത്ത്‌ ജില്ലയുടെ സ്ഥാനം ഏഴാണ്‌. കഴിഞ്ഞവർഷം ഇത്‌ ഒമ്പതായിരുന്നു. ജില്ലയിൽ പരീക്ഷ എഴുതിയ 30,205 വിദ്യാർഥികളിൽ 29,926 പേർ ഉപരിപഠനത്തിന് അർഹതനേടി.    
സർക്കാർ സ്കൂളുകളിൽ പരീക്ഷ എഴുതിയ 9,993 കുട്ടികളിൽ 9,895 പേർ ഉപരിപഠനത്തിനു യോഗ്യരായി. 99.019 ശതമാനം. എയ്‌ഡഡ്‌ സ്‌കൂളുകളിൽ 18,667 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ 18,489 പേർ ഉപരിപഠനാർഹത നേടി. 99.046 ശതമാനമാണ്‌ വിജയം. അൺഎയ്ഡഡ്‌ വിഭാഗത്തിൽ 1545 കുട്ടികൾ പരീക്ഷ എഴുതിയതിൽ 1542 പേർ അർഹത നേടി. (99.086ശതമാനം).  
 ജില്ലയിൽ 48 സർക്കാർ സ്‌കൂളുകളും 78 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയംനേടി. 18 അൺ എയ്ഡഡ് സ്കൂളുകൾക്കും നൂറുമേനി. 4279 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 1632 പേർ സർക്കാർ സ്കൂളിൽ നിന്നുള്ളവരും 2395 പേർ എയ്ഡഡ് സ്‌കൂളിൽ നിന്നുള്ളവരുമാണ്. അൺ എയ്ഡഡ് സ്‌കൂളുകളിൽനിന്നുള്ള 252 പേരും ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എല്ലാം എ പ്ലസ്‌ നേടിയവരിൽ 1390 ആൺകുട്ടികളും 2889 പെൺകുട്ടികളുമാണുള്ളത്‌.  
പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ 5984 പേർ എഴുതിയതിൽ 5924 പേർ വിജയിച്ചു (99 ശതമാനം). കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ 16,441 പേരിൽ 16,260 പേർ വിജയിച്ചു (98.9 ശതമാനം). കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ 7846 പേർ എഴുതിയതിൽ 7807 പേരും (99.51 ശതമാനം)വിജയം കൈവരിച്ചു. 
കൊല്ലത്ത് 1712 പേരും കൊട്ടാരക്കരയിൽ 1646 പേരും പുനലൂരിൽ 921 പേരും എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 107 കുട്ടികൾ എല്ലാം എ പ്ലസ് നേടിയ കടയ്‌ക്കൽ ജിഎച്ച്എസാണ് സ്കൂൾ തലത്തിൽ ജില്ലയിൽ മുന്നിൽ. 83 ഫുൾ എ പ്ലസ് ലഭിച്ച ചാത്തന്നൂർ ജിഎച്ച്‌എസ്‌‌എസ്‌ രണ്ടാം സ്ഥാനത്തും 81 ഫുൾ എ പ്ലസ് ലഭിച്ച പൂയപ്പള്ളി ജിഎച്ച്‌എസ്‌  മൂന്നാം സ്ഥാനത്തും എത്തി.  എയ്ഡഡ്‌ വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ്‌ സ്‌കൂളാണ്‌ മുന്നിൽ. 123 പേർക്കാണ്‌ ഇവിടെ എല്ലാം എ പ്ലസ്‌ കിട്ടിയത്‌. 87 ഫുൾ എ പ്ലസ്‌ നേടി പതാരം എസ്‌എംഎച്ച്‌എസ്‌‌ രണ്ടാമതെത്തി‌. 46 ഫുൾ എ പ്ലസ്‌‌ നേടിയ പുനലൂർ ഗേൾസ്‌ എച്ച്‌എസാണ്‌ മൂന്നാം സ്ഥാനത്ത്‌. സർക്കാർ സ്‌കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ചാത്തന്നൂർ ജിഎച്ച്‌എസ്‌എസിന്‌ നൂറുമേനിയുണ്ട്‌. 410 കുട്ടികളാണ് പരീക്ഷ 
എഴുതിയത്‌.   
പട്ടികജാതി വർഗ വിഭാഗത്തിൽ 167 പേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. കൊട്ടാരക്കരയിൽ 73പേരും പുനലൂരിൽ 26 പേരും കൊല്ലത്ത് 68 പേരുമാണ് എ പ്ലസ്‌ നേടിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്‌ കൊല്ലം വിമലഹൃദയ സ്‌കൂളിലാണ്‌. 789 കുട്ടികൾ. ഇതിൽ 788 പേരും വിജയിച്ചു. ഏറ്റവും കുറച്ച്‌ കുട്ടികൾ പരീക്ഷ എഴുതിയത്‌ പേരയം എൻഎസ്‌എസ്‌ ഹയർസെക്കൻഡറി സ്‌കൂളിലാണ് ‌മൂന്നുപേർ. ഇവിടെ 
നൂറുമേനിയാണ്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top