12 August Wednesday
ഉത്ര കൊലക്കേസ്‌

പ്രതികളെ വനംവകുപ്പ്‌ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020
കൊല്ലം
ഉത്ര കൊലക്കേസ്‌ പ്രതികളെ വനംവകുപ്പ്‌ അന്വേഷക സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. വന്യജീവിയായ പാമ്പിനെ ദുരുപയോഗംചെയ്‌ത കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ്‌‌ ഒന്നും രണ്ടും പ്രതികളായ സൂരജ്‌, സുരേഷ്‌ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നത്‌. കേസിൽ പ്രതികളുടെ അറസ്റ്റിന്‌‌ പുനലൂർ വനംകോടതി അന്വേഷകസംഘത്തിന്‌ അനുമതി നൽകി. 
ഏഴുദിവസത്തെ കസ്റ്റഡി കാലാവധിക്കുശേഷം കഴിഞ്ഞ ആഴ്‌ച പ്രതികളെ കോവിഡ്‌ പരിശോധനയുടെ ഭാഗമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ച്‌ സ്രവത്തിന്റെ സാമ്പിളെടുത്തു. പരിശോധനാ ഫലം നെഗറ്റീവാണ്‌. 
വർക്കല എസ്‌എൻ ദന്തൽ കോളേജിൽ ക്വാറന്റൈനിൽ കഴിയുന്ന  പ്രതികളെ ബുധനാഴ്‌ച കൊല്ലം ജില്ലാ ജയിലിൽ കൊണ്ടുവരും. കൊല്ലത്ത്‌ സ്ഥലമില്ലെങ്കിൽ പ്രതികളെ മാവേലിക്കര ജയിലിലേക്ക്‌ മാറ്റും‌. ഇരുവരുടെയും അറസ്റ്റ്‌ അഞ്ചൽ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിൽ ബുധനാഴ്‌ചതന്നെ രേഖപ്പെടുത്തും. 
കൊലക്കേസിൽ ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘം കുറ്റപത്രം തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ്‌. വിവിധ പരിശോധനാ റിപ്പോർട്ടുകൾ ലഭിക്കാനുണ്ട്‌. കുറ്റപത്രം ആഗസ്റ്റിൽ  സമർപ്പിക്കുമെന്ന്‌ റൂറൽ എസ്‌പി ഹരിശങ്കർ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top