18 February Monday

കേന്ദ്രസർക്കാരിൽ മുഖം നഷ്ടപ്പെട്ട മന്ത്രിമാർ: എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
കൊല്ലം
മുഖം നഷ്ടപ്പെട്ട മന്ത്രിമാരാണ് നരേന്ദ്രമോഡി  നയിക്കുന്ന കേന്ദ്രസർക്കാരിലുള്ളതെന്ന് സിഐടിയു സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിയുടെ മുഖം മാത്രമാണ് ജനങ്ങൾ കാണുന്നത്. എല്ലാം നരേന്ദ്രമോഡി തീരുമാനിക്കുന്നു. ഭരണകൂടത്തെ കേന്ദ്രീകൃതമാക്കുന്നു. ജനദ്രോഹകരമായ സർക്കാർ നയങ്ങൾ മാറ്റാൻ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പുച്ഛത്തോടെ കാണാനാണ് പ്രധാനമന്ത്രിക്ക‌് ഇഷ്ടം. നയം മാറ്റത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ സർക്കാരിനെ മാറ്റാൻ ജനങ്ങൾക്കാകുമെന്നും എളമരം പറഞ്ഞു. സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ടി എം വർഗീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം.  
കോർപറേറ്റ് താൽപ്പര്യങ്ങളും വർഗീയ കാഴ്ചപ്പാടുകളുമാണ് ബിജെപി സർക്കാരിന്റെ മുഖമുദ്ര. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട യുജിസിയിൽപ്പോലും സ്ഥാപിത താൽപ്പര്യം നടപ്പാക്കുകയാണ് മോഡി. ചർച്ച ചെയ്യാനുള്ള വേദികൾ ഇല്ലാതാക്കുന്നു. പാർലമെന്റ്് സമ്മേളനം വെട്ടിച്ചുരുക്കുന്നു. ഗവർണർമാരെ ദുരുപയോഗിക്കുന്നു. അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ കാവൽക്കാരനായിരിക്കും എന്ന് പറഞ്ഞ നരേന്ദ്രമോഡി ഇപ്പോൾ അദാനിയുടെയും അംബാനിയുടെയും വ്യവസായ സാമ്രാജ്യത്തിന്റെ കാവൽക്കാരനായി മാറി. 
തൊഴിലാളിസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവച്ചിരുന്ന പരിഷ്കാരങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടുവരികയാണ‌് ഇപ്പോൾ ബിജെപി സർക്കാർ. തൊഴിൽനിയമങ്ങൾ ലഘൂകരിക്കാനും ലയിപ്പിക്കാനും യുക്തിഭദ്രമാക്കാനൂം ശ്രമിക്കുമെന്ന് കഴിഞ്ഞ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചത് വരാനിരിക്കുന്ന ആക്രമണത്തിന്റെ സൂചനയാണ്. പരിഷ്കരണമെന്ന പേരിൽ എല്ലാ തൊഴിൽനിയമങ്ങളും തൊഴിലുടമകൾക്ക് അനുകൂലമാക്കുന്നു. നിയമങ്ങൾക്കു പകരം ലേബർകോഡ് ഉണ്ടാക്കുന്നു. മിനിമം വേതനനിയമം അടക്കമുള്ളവയ്ക്കു മേൽ കൈവയ്ക്കുന്നു. ഫാക്ടറിനിയമം, കരാർതൊഴിൽനിയമം എന്നിവ ഭേദഗതിചെയ്യാൻ നടപടികൾ പൂർത്തിയാക്കി. തൊഴിലാളിസംഘടനകൾക്ക് അംഗീകാരം നൽകുന്ന വ്യവസ്ഥകൾ മാറ്റുന്നു. 
ഇന്ത്യയിൽ 50 കോടി തൊഴിലാളികളുണ്ട്. ഇതിൽ 25 കോടി കാർഷികമേഖലയിലുള്ളവരും 25 കോടി കാർഷികേതര മേഖലയിൽ ഉള്ളവരുമാണ്.  നാലരക്കോടി തൊഴിലാളികൾ മാത്രമാണ് സംഘടിതർ. അസംഘടിതമേഖലയിൽ മിനിമം കൂലിയില്ല. സാമ്പത്തികഅസമത്വം അനുദിനം വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അസംഘടിതാവസ്ഥ മുതലെടുക്കുന്നത് വർഗീയശക്തികളാണ്. ഇടതുപക്ഷം ശക്തമാകുന്നിടത്ത് ചൂഷണം ഇല്ലാതാകും. 
ജനദ്രോഹസർക്കാരിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാക്കുന്നതിന്റെ സൂചനകൾ  മഹാരാഷ്ട്രയിൽ കണ്ടു. രാജസ്ഥാനിലും ജാർഖണ്ഡിലും പ്രക്ഷോഭങ്ങൾ ഉയർന്നു. ആനയെപ്പോലെയാണ് കർഷകർ. തുടങ്ങാൻ  കുറെ സമയം എടുക്കും. തുടക്കമിട്ടാൽ ഇളകിമറിയും. ഡൽഹിയിൽ വരും നാളുകളിൽ   പ്രക്ഷോഭം ശക്തിപ്പെടും. വർധിച്ചുവരുന്ന ജനങ്ങളുടെ ഐക്യം വർഗീയതകൊണ്ട് മറയ്ക്കാനാകില്ല. 
എല്ലാം സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന് ബദൽ നയങ്ങളുമായി മുന്നേറുകയാണ്  സംസ്ഥാനസർക്കാർ. കശുവണ്ടിമേഖലയിലെ പ്രശന്ങ്ങൾക്കൊപ്പം  തോട്ടം മേഖലയിലെ പ്രശ്നങ്ങൾക്കും സർക്കാർ പരിഹാരം കാണും. പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചും  നഷ്ടത്തിലായ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയും തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിന് കരുത്തുപകരേണ്ടത് തൊഴിലാളിവർഗത്തിന്റെ കടമയാണെന്നും എളമരം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ്  ബി തുളസീധരക്കുറുപ്പ് അധ്യക്ഷനായി. മുരളി മടന്തകോട് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി എസ് സുദേവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ വരദരാജൻ, സിഐടിയു സംസ്ഥാനസെക്രട്ടറി എൻ പത്മലോചനൻ, ആർ സഹദേവൻ,  പി ലാലാജിബാബു എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top