02 July Thursday

6 പോസിറ്റീവ്‌ കൂടി ജാഗ്രത തുടരണം

സ്വന്തം ലേഖികUpdated: Monday Jun 1, 2020
കൊല്ലം
നിയന്ത്രണങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന ഓർമപ്പെടുത്തലായി ജില്ലയിൽ ഞായറാഴ്ച ആറുപേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. 10 ദിവസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെയാണ്‌ രോഗം ബാധിച്ചത്‌. കുഞ്ഞുൾപ്പെടെ രണ്ടുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. ഇതുവരെ ഏഴുപേർക്ക്‌ സമ്പർക്കം മൂലം ജില്ലയിൽ രോഗം ബാധിച്ചു‌. ലോക്ക്ഡൗണിൽ  ഇളവു വന്നതോടെ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനം വീഴ്‌ചവരുത്തുന്നത്‌ അപകടമാണെന്ന്‌‌ അധികൃതർ പറഞ്ഞു. 
രോഗബാധ കൂടുതൽ റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പുനലൂർ മുനിസിപ്പാലിറ്റിയിലെ 12 –-ാം വാർഡ്, ‌പന്മന പഞ്ചായത്തിലെ 10,11 വാർഡുകൾ, കല്ലുവാതുക്കൽ പഞ്ചായത്തിലെ 20 മുതൽ 23വരെയുള്ള വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ്‌ സോണാക്കി  കർശന നിയന്ത്രണം ഏർപ്പെടുത്തി. കുളത്തൂപ്പുഴ, ആര്യങ്കാവ്‌, തെന്മല  പഞ്ചായത്തുകളിൽ ഹോട്‌സ്‌പോട്ടിനു സമാനമായ നിയന്ത്രണം തുടരും. നേരത്തെ കല്ലുവാതുക്കൽ പഞ്ചായത്തിൽ 144 പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതിൽ മൂന്നുപേർ ഇതരസംസ്ഥാനത്തുനിന്ന് എത്തിയവരാണ്‌. ഒരാൾ  പ്രവാസിയാണ്‌. ഏരൂർ അയിരനല്ലൂർ,  കുരീപ്പള്ളി, ആദിച്ചനല്ലൂർ,  മൈനാഗപ്പള്ളി വേങ്ങ, തലവൂർ സ്വദേശികൾക്കാണ്‌ കോവിഡ്‌ പോസിറ്റീവായത്‌‌.  എല്ലാവരെയും  പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
നിലവിൽ 35 പോസിറ്റീവ് കേസുകളാണ് ജില്ലയിലുള്ളത്‌. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. വിദ​ഗ്ധ പരിശോധനയ്ക്കയച്ച 4,018 സാമ്പിളുകളില്‍ 3,664 എണ്ണം നെഗറ്റീവാണ്‌.  272 എണ്ണത്തിന്റെ ഫലം വരാനുണ്ട്.  
23ന്‌ കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിനി  അടിയന്തര ശസ്ത്രക്രിയയിലൂടെ ജന്മം നൽകിയ കുഞ്ഞിനാണ്‌ രോഗംസ്ഥിരീകരിച്ചത്‌.  ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണ്  കുട്ടി.ഏരൂർ അയിരനല്ലൂർ സ്വദേശിയായ യുവാവ്‌ (22) 20ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട സ്പെഷ്യൽ ട്രെയിനിൽ  തിരുവനന്തപുരത്ത് 22ന്‌ എത്തി.  കെഎസ്ആർടിസി സ്പെഷ്യൽ സർവീസിൽ പുനലൂരിലെത്തിയ ഇദ്ദേഹം സ്ഥാപന നിരീക്ഷണത്തിൽ തുടരുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതോടെ 27ന് നടത്തിയ സ്രവപരിശോധന പോസിറ്റീവായി. 
 മുംബൈയിൽ സ്റ്റാഫ് നേഴ്സായിരുന്ന കണ്ണനല്ലൂർ കുരീപ്പള്ളി സ്വദേശിയായ യുവതി (28)ഡൽഹി -–-തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ‌  26ന് തിരുവനന്തപുരത്തെത്തി. തുടർന്ന്‌ കെഎസ്ആർടിസി ബസിൽ കൊല്ലത്തും തുടർന്ന് ആംബുലൻസിൽ കരിക്കോടും എത്തി. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരിക്കെ 28ന്  രോഗലക്ഷണം പ്രകടമായി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. 
കപ്പലണ്ടിക്കച്ചവടം നടത്തിവന്ന ആദിച്ചനല്ലൂർ കൊട്ടിയം സ്വദേശി (46)ക്ക്‌ തമിഴ്നാട്ടുകാരുമായി വ്യാപാരസമ്പർക്കമുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ  അടിസ്ഥാനത്തിൽ സ്പെഷ്യൽ സർവയലൻസിന്റെ ഭാഗമായാണ്‌ സാമ്പിൾ പരിശോധിച്ചത്‌.20ന് കുവൈത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിരുവനന്തപുരത്തെത്തിയ മൈനാഗപ്പള്ളി വേങ്ങ സ്വദേശി (54) കെഎസ്ആർടിസി ബസിൽ നിലമേലെത്തി  സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമായതിനാൽ 28ന് സാമ്പിൾ ശേഖരിച്ചു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. 
തലവൂർ സ്വദേശിയായ യുവാവ്‌ (23)മുംബെെ താനെയിൽ നിന്ന് സ്പെഷ്യൽ ട്രെയിനിൽ 27ന് പുലർച്ചെ എറണാകുളത്തെത്തി.   
കെഎസ്ആർടിസി ബസിൽ കൊല്ലത്തെത്തിയ യുവാവ് വിളക്കുടിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറന്റയിനിലിരിക്കെ രോഗലക്ഷണം പ്രകടിപ്പിച്ചു. ഞായറാഴ്ച പോസിറ്റീവായി. ഇദ്ദേഹത്തിനൊപ്പം യാത്രചെയ്ത ഇളമ്പൽ സ്വദേശി ട്രെയിൻ ഇറങ്ങിയ ഉടൻതന്നെ കുഴഞ്ഞുവീണിരുന്നു.  രോഗം സ്ഥിരീകരിച്ച ഇദ്ദേഹവും പാരിപ്പള്ളിയിൽ ചികിത്സയിലാണ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top