16 July Thursday

റെയിൽവേ സ്റ്റേഷൻ വീണ്ടും സജീവമാകും

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020
കൊല്ലം
ഹോൺ മുഴക്കി ഇരമ്പിയെത്തി നിൽക്കുന്ന ട്രെയിനുകൾ കൊല്ലം റെയിൽവേ സ്റ്റേഷനെ വീണ്ടും സജീവമാക്കും. ലോക്ക്‌‌ഡൗണിനെ തുടർന്ന്‌ നിലച്ച പ്രതിദിന യാത്രാ ട്രെയിനുകൾ തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നതോടെയാണ്‌ സ്റ്റേഷൻ സജീവമാകുന്നത്‌. തിരുവനന്തപുരം –-കോഴിക്കോട്‌ ജനശതാബ്‌ദി (02076), തിരുവനന്തപുരം –- കണ്ണൂർ ജനശതാബ്‌ദി (02082), തിരുവനന്തപുരം –- എറണാകുളം സ്‌പെഷ്യൽ (06302, പഴയ വേണാട്‌), തിരുവനന്തപുരം –- ലോകമാന്യതിലക്‌ എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകളാണ്‌ സർവീസ്‌ നടത്തുന്നത്‌. നേരത്തെ ഷൊർണൂർ വരെ സർവീസ്‌ നടത്തിയിരുന്ന ‌വേണാട്‌ എക്‌സ്‌പ്രസാണ്‌ സ്‌പെഷ്യൽ വണ്ടിയായി എറണാകുളം വരെ ഓടിക്കുന്നത്‌. ടിക്കറ്റ്‌ ഓൺലൈൻ വഴിയാണ്‌. ഒന്നരമണിക്കൂർ നേരത്തെ യാത്രക്കാർ സ്റ്റേഷനിൽ എത്തണമെന്നാണ്‌ നിർദേശം. മാസ്‌ക്‌ നിർബന്ധമായും ധരിച്ചിരിക്കുകയും കോവിഡ്‌ പ്രതിരോധ നിർദേശങ്ങൾ പാലിക്കുകയും വേണം. വെള്ളവും ഭക്ഷണവും കൊണ്ടുവരണം. യാത്രക്കാർക്കൊപ്പം മറ്റാരെയും പ്ലാറ്റ്‌ഫോമിൽ കയറ്റില്ലെന്ന്‌ കൊല്ലം റെയിൽവേ സ്റ്റേഷൻ മാനേജർ സാംകുട്ടി പറഞ്ഞു. തിങ്കളാഴ്‌ച കൊല്ലത്തുനിന്ന് പശ്ചിമബംഗാളിലേക്കും ശ്രമിക്‌ ട്രെയിൻ സർവീസുണ്ട്‌. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന പശ്ചിമബംഗാൾ സ്വദേശികളായ 1552 അതിഥിത്തൊഴിലാളികളുമായി ട്രെയിൻ വൈകിട്ട്‌ പുറപ്പെടും. സമയം അറിയിച്ചിട്ടില്ലെന്നും തൊഴിലാളികളെ സർക്കാർ ഏർപ്പെടുത്തിയ വാഹനങ്ങളിൽ സ്റ്റേഷനിൽ എത്തിക്കുമെന്നും ജില്ലാ ലേബർ ഓഫീസർ എ ബിന്ദു പറഞ്ഞു. പശ്‌ചിമബംഗാളിലേക്ക്‌ ഇതു രണ്ടാമത്തെ ട്രെയിനാണ്‌. അതിഥിത്തൊഴിലാളികൾക്കായി മൂന്നിനു വീണ്ടും പശ്‌ചിമബംഗാളിലേക്ക്‌ ശ്രമിക്‌ ട്രെയിനുണ്ട്‌.
പ്രധാന വാർത്തകൾ
 Top