14 July Tuesday

നാടാകെ ശുചീകരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കൊല്ലം മേയർ ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ ലിങ്ക്‌ റോഡ്‌ പരിസരത്ത്‌ നടന്ന ശുചീകരണം

കൊല്ലം
സമ്പൂർണ ലോക്ക്‌ഡൗണായ ഞായറാഴ്ച വീടും പരിസരവും ശുചിയാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ഒരേ മനസ്സോടെ ഏറ്റെടുത്ത്‌ ജനങ്ങൾ. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി നാടും നഗരവും ശുചീകരിച്ചു. തദ്ദേശ സമിതികളുടേയും സന്നദ്ധ സംഘടനകളുടേയും റസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദേശങ്ങൾ പാലിച്ച് കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരുന്നു പ്രവർത്തനങ്ങൾ. ത്രിതല പഞ്ചായത്തുകൾ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണത്തിന്‌ നേതൃത്വം നൽകി. സിപിഐ എം, സിഐടിയു, ഡിവൈഎഫ്‌ഐ വളന്റിയർമാരും നേതാക്കളും ശുചീകരണത്തിന്‌ മുന്നിട്ടിറങ്ങി. 
കൊതുക്ജന്യ രോഗങ്ങൾ തടയുന്നതിനായി വീടുകളുടെ ടെറസ്‌, പൂച്ചെട്ടികൾ, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വീട്ടുകാർ ഒത്തുചേർന്ന് രാവിലെ തന്നെ ശുചീകരിച്ചു. വീടിനു പരിസരത്തെ പുല്ലും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി വൃത്തിയാക്കുന്നത്‌ എങ്ങും കാണാമായിരുന്നു. 
പലയിടങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭ്യമായി.
കോർപറേഷൻ നേതൃത്വത്തിൽ ലിങ്ക്റോഡ് പരിസരം, കടപ്പാക്കട മാർക്കറ്റ്, ഇരവിപുരം കിളികൊല്ലുർ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ആശ്രാമത്തും കടപ്പാക്കടയിലും മേയർ ഹണി ബെഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ് ഗീതാകുമാരി, ആരോഗ്യസ്ഥിരം സമിതി ചെയർമാൻ പി ജെ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.കോർപറേഷന്റെ  55 ഡിവിഷനുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വരും ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ തുടരും.
പ്രധാന വാർത്തകൾ
 Top