11 July Saturday
ദുരിതാശ്വാസ നിധിയിലേക്ക്‌ കരിമീൻ ചലഞ്ഞ്

നാടിനു വേണ്ടി കുറച്ച് കരിമീൻ തിന്നാലോ?

സ്വന്തം ലേഖകന്‍Updated: Monday Jun 1, 2020
എഴുകോൺ 
നാടിനു വേണ്ടി കുറച്ച് കരിമീൻ തിന്നാലോ? ചോദിക്കുന്നത്‌ എഴുകോണിലെ ഡിവൈഎഫ്‌ഐക്കാരാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കണ്ടെത്താൻ കരിമീൻ ചലഞ്ച്‌ സംഘടിപ്പിക്കുകയാണിവർ. 
കാഞ്ഞിരകോട് കായലിൽനിന്ന് മത്സ്യത്തൊഴിലാളികൾ പിടിച്ചുനൽകുന്ന കരിമീൻ ഡിവൈഎഫ്‌ഐക്കാർ ആവശ്യക്കാർക്ക്‌ വീടുകളിലെത്തിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള വിഹിതം കഴിച്ച്‌ ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകും.
ഡിവൈഎഫ്ഐ എഴുകോൺ ഈസ്റ്റ്, തേവലപ്പുറം, പവിത്രേശ്വരം മേഖലാ കമ്മിറ്റികളാണ്‌ റീസൈക്കിൾ കേരളയുടെ ഭാഗമായി ചലഞ്ച്‌ അവതരിപ്പിച്ചത്‌‌. പരിപാടി വമ്പൻ വിജയമായി. 260 കിലോ കരിമീൻ മൂന്നു കമ്മിറ്റികളിലുമായി വിറ്റു. പവിത്രേശ്വരത്ത് ജില്ലാ സെക്രട്ടറി എസ് ആർ അരുൺബാബു കരിമീൻ ചലഞ്ച് ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് അമീഷ് ബാബു, സെക്രട്ടറി  യു ആർ രെജു, ട്രഷറർ എസ് എൽ ആകാശ്, ഷാജി, സുധീഷ് എന്നിവർ നേതൃത്വം നൽകി. തേവലപ്പുറത്ത് നെടുവത്തൂർ ബ്ലോക്ക് ട്രഷറർ ആർ പ്രശാന്ത്, മേഖലാ സെക്രട്ടറി അരുൺരാജ്, അഖിൽ, ജോബി എന്നിവർ നേതൃത്വം നൽകി. 
എഴുകോൺ ഈസ്റ്റിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ, മേഖലാ പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ, സെക്രട്ടറി ബിബിൻരാജ് എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top