11 July Saturday
അതിർത്തിയിൽ ലോക്കാകുന്നു

ജില്ല കടന്നും കെഎസ്ആര്‍ടിസി സർവീസ്‌ വേണമെന്ന്‌

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020
കൊല്ലം
ലോക്ക്‌ഡൗൺ ഇളവുകൾ വന്നെങ്കിലും അതിർത്തി കടന്ന്‌ പൊതുഗതാഗതം ഇല്ലാത്തത്‌ ജില്ലയ്‌ക്ക്‌ പുറത്ത്‌ ജോലിചെയ്യുന്നവരെയും അത്യാവശ്യയാത്രികരെയും വലയ്‌ക്കുന്നു. നിയന്ത്രണങ്ങളോടെ സമീപ ജില്ലകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ്  തുടങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്‌.  
കൂടുതൽ കെഎസ്ആർടിസി ബസുകൾ ബുധനാഴ്ച മുതൽ ഓടിത്തുടങ്ങിയെങ്കിലും അടുത്ത ജില്ലകളിലേക്ക് പോകേണ്ട യാത്രക്കാർ പാതിവഴിയിൽ കുടുങ്ങുന്നു. അതിർത്തികളിൽ എത്തുന്ന യാത്രക്കാർ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണം. ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം  ജില്ലകളിൽനിന്ന് നിരവധിപേർ കൊല്ലത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ദിവസേന ജോലിക്കെത്തുന്നുണ്ട്. കൊല്ലം സ്വദേശികൾ ഈ ജില്ലകളിലേക്കും ജോലിക്ക് പോകുന്നു.
എംസി റോഡിലും ദേശീയപാതയിലുമാണ് യാത്രക്കാർ വലയുന്നത്. കൊട്ടാരക്കര ഡിപ്പോയിൽനിന്ന് എംസി റോഡിൽ വടക്കോട്ട് ഏനാത്ത് പാലം വരെയാണ് സർവീസ് നടത്തുന്നത്. അടൂർ ഡിപ്പോയിൽനിന്നുള്ള ബസുകൾ ഏനാത്ത് വന്നില്ലെങ്കിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്കുള്ള യാത്രക്കാർ പാടുപെടും. തെക്കോട്ട്  ചടയമംഗലം ഡിപ്പോയിലെ വണ്ടികൾ നിലമേൽവരെ പോവുന്നു. 
ജില്ലാ അതിർത്തി തട്ടത്തുമലയും കഴിഞ്ഞ് കിളിമാനൂർ ഡിപ്പോയിൽ എത്തണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം.  ദേശീയപാതയിൽ തെക്കോട്ട് കൊല്ലം ഡിപ്പോ ബസുകൾ ചാത്തന്നൂർ വരെ മാത്രമെ  പോകുന്നുള്ളൂ. കല്ലുവാതുക്കൽ പഞ്ചായത്തിൽ ഹോട്ട് സ്പോട്ട് ആയതിനാൽ അതിർത്തിയായ കടമ്പാട്ടുകോണം വരെ സർവീസില്ല. 
ആറ്റിങ്ങൽ ഡിപ്പോയിലെ വണ്ടികൾ സർവീസ് അവസാനിപ്പിക്കുന്നത് കല്ലമ്പലത്താണ്. ചാത്തന്നൂർ-- –- കല്ലമ്പലം ദൂരം ഏകദേശം 13 കിലോമീറ്ററും. ദേശീയപാതയിൽ വടക്കോട്ട് ഓച്ചിറ വരെ സർവീസ് ഉണ്ടെങ്കിലും ആലപ്പുഴ ജില്ലയിലെ കായംകുളം ഡിപ്പോയിൽനിന്നുള്ള  ബസുകൾ മുക്കട വന്ന് തിരികെപ്പോകുന്നു. ഓച്ചിറ-മുക്കട അകലം ഒന്നരക്കിലോമീറ്ററാണ്. ജില്ലകളെ ബന്ധിപ്പിച്ച് തുടങ്ങിയ ചെയിൻ സർവീസുകളും പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കുന്നു.
കൊല്ലം-- –-പത്തനംതിട്ട ചെയിൻ സർവീസിൽ കൊല്ലം ഡിപ്പോയിൽനിന്നുള്ളവ ഭരണിക്കാവിലും പത്തനംതിട്ട, അടൂർ ഡിപ്പോകളിലെ ബസുകൾ കടമ്പനാട് ജങ്‌ഷനിൽ സർവീസ്‌ അവസാനിപ്പിക്കുന്നു. ഭരണിക്കാവിൽനിന്ന് കടമ്പനാട്ടേക്ക് ഏഴു കിലോമീറ്ററുണ്ട്. കൊല്ലം-- –-ചെങ്ങന്നൂർ ചെയിൻ സർവീസിൽ ബസുകൾ ഓട്ടം ഭരണിക്കാവ് ടൗണിൽ അവസാനിപ്പിക്കുന്നു.
പുനലൂരിൽനിന്ന് പത്തനംതിട്ടയ്‌ക്കുള്ള ബസുകൾ പത്തനാപുരത്ത് സർവീസ് നിർത്തുന്നു. ഇതിനാൽ സർവീസ്‌ നടത്തുന്നതിന്റെ പൂർണ പ്രയോജനം ജനങ്ങൾക്ക്‌ ലഭിക്കുന്നില്ല. നിയന്ത്രണങ്ങൾ പിൻവലിക്കും വരെ  കൊട്ടാരക്കര-- അടൂർ-- കോട്ടയം,  കിളിമാനൂർ-- കൊട്ടാരക്കര, ആറ്റിങ്ങൽ-- കൊല്ലം, കായംകുളം-- കൊല്ലം, അടൂർ,-- ശാസ്താംകോട്ട എന്നിങ്ങനെ ജില്ലകളിലെ പ്രധാനപ്പെട്ട ടൗണുകളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top