14 July Tuesday

ആദ്യം മധുരിച്ചു; പിന്നെ കയ്‌പായി മാറി പിറന്നാൾ കേക്ക്‌

പ്രത്യേക ലേഖകൻUpdated: Monday Jun 1, 2020
കൊല്ലം
പിറന്നാളാണോ കേക്ക്‌ വേണം. സന്തോഷം പങ്കുവയ്‌ക്കാൻ കുറച്ചു മധുരം വേണമല്ലോ. എന്നാൽ, ശനിയാഴ്‌ചത്തെ കെഎസ്‌യുവിന്റെ പിറന്നാളാഘോഷം കോൺഗ്രസിനു തലവേദനയായി‌. ഡിസിസി ഓഫീസിൽ മുറിച്ച കേക്കിന്‌ അപ്പോൾ മധുരമായിരുന്നെങ്കിലും ഇപ്പോൾ കയ്‌പായി. ചില സേവന പ്രവർത്തനങ്ങൾ നടത്തിയും പിറന്നാൾ കേക്ക്‌ മുറിച്ചുമാണ്‌ കെഎസ്‌യു ജില്ലാ നേതാക്കൾ ഉറങ്ങാൻപോയത്‌. ഇതെങ്ങനെയോ അറിഞ്ഞ കൊല്ലം ഡിസിസി പ്രസിഡന്റിനാകട്ടെ ഉറക്കം വന്നതുമില്ല. 
ലോക്ക്ഡൗൺ ലംഘിച്ച് കേസിൽപ്പെട്ട പ്രസിഡന്റ്‌ യുദ്ധകാലാടിസ്ഥാനത്തിൽ കേക്ക്‌ തരപ്പെടുത്തി ഡിസിസി ഓഫീസിലെത്തി. ഓഫീസിന്റെ ഉദ്‌ഘാടനം നടത്തിയൊരു കേക്ക്‌ മുറിക്കണമെന്ന സ്വപ്‌നം മനസ്സിൽ കൊണ്ടുനടക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി.  ആ ഓർമയിൽ കെഎസ്‌യുവിന്റെ പിറന്നാൾ കേക്കിന്റെ നെഞ്ചിൽത്തന്നെ കത്തിയിറങ്ങി. ചടങ്ങ്‌ നടത്തിയതു മുതിർന്ന നേതാവ്‌ അഡ്വ. എ എ സമദാണെങ്കിലും തിരക്കഥയും സംവിധാനവുമെല്ലാം ഡിസിസി പ്രസിഡന്റായിരുന്നുവെന്നാണ്‌ കെഎസ്‌‌യുവിന്റെ പരിഭവം.
 കേക്ക്‌ മുറിച്ചതിൽ ഒരു റോളും നൽകിയില്ലെങ്കിലും കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ ഇതു വലിയ പ്രശ്‌നമാക്കിയില്ല‌. എന്നാൽ, പടമെടുത്ത്‌‌ പത്രങ്ങൾക്ക്‌ കൊടുത്തതോടെ പരാതിയായി. ഡിസിസി പ്രസിഡന്റിന്‌ മീഡീയാ മാനിയാ ആണെന്നും 100 രൂപയുടെ കേക്ക്‌ മുറിച്ചിട്ട്‌ ആ ചിത്രം‌ പത്രങ്ങൾക്ക് നൽകിയതു വേലിതന്നെ വിളവുതിന്നുന്നതിനു സമമാണെന്നും വിഷ്‌ണു ഫെയ്‌സ്‌ബുക്കിൽ പരിഹിസിച്ചു. അനധികൃതമായി കേക്ക്‌ മുറിച്ചു ചിത്രം‌ പത്രങ്ങൾക്ക്‌ നൽകിയതിൽ അന്വേഷണവും നടപടിയും വേണമെന്ന്‌ ആവശ്യപ്പെട്ട്‌‌‌ പ്രതിപക്ഷ നേതാവ്‌, കെപിസിസി പ്രസിഡന്റ്‌ തുടങ്ങിയവർക്ക്‌‌‌ പരാതിയും അയച്ചു‌. 
   ‘ലോക്ക്ഡൗൺ കാലമായതിനാൽ കെഎസ്‌യു ആഘോഷങ്ങൾ ഒഴിവാക്കിയാണ്‌ ജന്മദിനം ആചരിച്ചത്‌. എന്നാൽ, പത്രം കണ്ട ഞങ്ങൾക്ക്‌ വേദനയായി. രാഹുൽ ഗാന്ധി വിഭാവനം ചെയ്‌ത രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കെഎസ്‌യു കമ്മിറ്റിയെ അവഗണിച്ചത്‌ അനുചിതമാണ്‌. ഇങ്ങനെ പോയാൽ ജില്ലയിൽ കെഎസ്‌യുവിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയെ തരമുള്ളൂവെന്നും വിഷ്‌ണു വിജയൻ ഓർമിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top