23 April Friday

തീരത്തെ വികസനം പറയാൻ ജാഥയെത്തുന്നു

സ്വന്തം ലേഖകന്‍Updated: Monday Mar 1, 2021
കൊല്ലം
എൽഡിഎഫ്‌ സർക്കാരിന്റെ സമാനതകളില്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾ അനുഭവിച്ചറിഞ്ഞ തീരത്തെ നേട്ടങ്ങൾ പങ്കുവയ്‌ക്കാൻ ജാഥയെത്തുന്നു‌. ‘കടലോളം നന്മയ്‌ക്കായി‌ വീണ്ടും വരണം ഇടതുപക്ഷം’ എന്ന മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന സംസ്ഥാനജാഥയ്‌ക്ക്‌ ചൊവ്വാഴ്‌ച ജില്ലയിൽ സ്വീകരണം നൽകും. രാവിലെ 9.30ന്‌ അഴീക്കലിലാണ്‌ ആദ്യ സ്വീകരണം. ജാഥയെ വരവേൽക്കാൻ കൊല്ലം തീരം ഒരുങ്ങി. 
തീരദേശ ജനങ്ങളെ കരുതലോടെ സർക്കാർ സംരക്ഷിച്ച കഥയാണ്‌ മത്സ്യത്തൊഴിലാളികൾക്ക്‌ പറയാനുള്ളത്‌. ലോകോത്തര നിലവാരമുള്ള റോഡും സൗകര്യങ്ങളും തീരത്തിന്റെ മുഖച്ഛായ മാറ്റി. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി. 
യുഡിഎഫ്‌ അധികാരം വിട്ടൊഴിയുമ്പോൾ മത്സ്യത്തൊഴിലാളി പെൻഷൻ 600 രൂപയും 18 മാസം കുടിശ്ശികയുമായിരുന്നു. എൽഡിഎഫ്‌ സർക്കാർ ഇത്‌ 1600 രൂപയാക്കി കുടിശ്ശികയില്ലാതെ വീടുകളിലെത്തിച്ചു. അപകടമരണ ഇൻഷുറൻസ്‌ അഞ്ചുലക്ഷം രൂപയിൽ നിന്ന്‌ 10 ലക്ഷമാക്കി. ഭവനപദ്ധതി സഹായം രണ്ടു ലക്ഷത്തിൽ നിന്ന്‌ നാലു‌‌ ലക്ഷമാക്കി. 10 ലക്ഷം രൂപയുടെ പുനർഗേഹ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക്‌‌ ഏറെ ആശ്വാസമാണ്‌. സമ്പാദ്യ സമാശ്വാസ പദ്ധതി 2700ൽ നിന്ന്‌ 4500 ആയി ഉയർത്തി. ഓഖി ദുരന്തത്തിൽ മരണപ്പെട്ടവരുടെ 143 കുടുംബത്തിന്‌ 22 ലക്ഷം വീതം നഷ്ടപരിഹാരവും വീട്‌, സ്ഥലം, പെൻഷൻ, മരണപ്പെട്ടവരുടെ ആശ്രിതർക്ക്‌ മത്സ്യഫെഡിൽ ജോലി എന്നിവയും നൽകി. ഹാർബറുകളുടെ നിർമാണം പൂർത്തിയാക്കി. അതേസമയം
മത്സ്യത്തൊഴിലാളികളുമായി ആശയസംവാദം നടത്താനെന്ന പേരിൽ എത്തിയ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി പതിവ്‌ ‌ബഹളവുമായി മടങ്ങി. പിറകേ തീരദേശജനതയെ സർക്കാരിനെതിരെ തിരിക്കാൻ യുഡിഎഫ്‌ ഹർത്താലും നടത്തി. ഇതെല്ലാം തീരദേശ ജനതക്കിടയിൽ വൻ പ്രതിഷേധമുയർത്തിയിട്ടുണ്ട്‌. തീരദേശ ജനതയുടെ മനസ്സ്‌ അറിഞ്ഞാകും ജില്ലയിൽ ജാഥാ പ്രയാണം. കെ സി രാജീവ്‌, എച്ച്‌ ബേസില്‍ലാൽ, ജൂലിയറ്റ്‌ നെൽസൺ, സൈനുദീൻ, ഷീലാ രാജ്‌കമൽ, അശ്വന്താ മോഹൻ എന്നിവരാണ്‌ ജാഥാ അംഗങ്ങൾ‌. 
സ്വീകരണകേന്ദ്രങ്ങൾ
ചൊവ്വാഴ്‌ച രാവിലെ 9.30ന്‌ അഴീക്കൽ, 10.30 –- വെള്ളനാതുരുത്ത്‌, 12ന്‌ നീണ്ടകര, മൂന്നിന്‌ കാവനാട്‌, 4.30 –- കുണ്ടറ,  വൈകിട്ട്‌ ആറിന്‌ കൊല്ലം കടപ്പുറം –- സമാപനം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top