26 March Sunday
എൻജിൻ അമിതമായി ചൂടായി കത്തി

പുരവഞ്ചിയിലെ തീപിടിത്തം: പോള കുടുങ്ങി പ്രൊപ്പല്ലർ നിലച്ചു

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023

തീപിടിത്തത്തിൽ കത്തിനശിച്ച പുരവഞ്ചി

കൊല്ലം
ദേശീയ ജലപാതയിൽ പന്മന കന്നിട്ടക്കടവിൽ വിദേശസഞ്ചാരികളുമായി എത്തിയ പുരവഞ്ചി കത്തിയതിൽ വില്ലനായത് ആഫ്രിക്കൻ പോള(പായൽ)യെന്ന നി​ഗമനം ശരിവച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പോള കുടുങ്ങി പ്രൊപ്പല്ലർ ജാമായി. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുനീങ്ങാനായി കുറെനേരം എൻജിൻ പ്രവർത്തിപ്പിച്ചതോടെ  അമിതമായി ചൂടായി സ്പാർക്കുണ്ടായതാകാം അപകടകാരണമെന്നു കരുതുന്നു. പഴയ തടി ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കേടാകാതിരിക്കാൻ തടിയിൽ ഓയിൽ പുരട്ടും. ഇത്തരം ഓയിലുകളും ഇന്ധനങ്ങളും ബോട്ടുകളിൽ സൂക്ഷിക്കാറുണ്ട്. തീ കത്തിപ്പടരാൻ ഇതെല്ലാം വഴിവച്ചിട്ടുണ്ടാകാം.   
തുറമുഖ വകുപ്പ് ഇൻലാൻഡ് വെസൽ സർവേയർ മരിയപ്രോൺ ആണ് ചൊവ്വാഴ്ച അപകടം നടന്ന സ്ഥലത്തെത്തി കത്തിയ ബോട്ട് പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് കൊല്ലം പോർട്ട് ഓഫീസർക്കും മാരിടൈം ബോർഡ് ചീഫിനും കൈമാറി. കലക്ടർക്കും വിവരം കൈമാറി.
2011ലെ കൊല്ലം രജിസ്ട്രേഷൻ ബോട്ടാണിത്. ഉടമ തന്നെയാണ് ഓപ്പറേറ്റർ. ആലപ്പുഴയിൽനിന്നു പതിവായി കൊല്ലത്തേക്ക് വിനോദസഞ്ചാരികളുമായി വരുന്നതിനാൽ വഴി പരിചിതമാണ്. പുതിയ എൻജിനുകളിൽ ഓവർലോഡ് ആയാൽ ഓട്ടോമാറ്റിക്കായി എൻജിൻ ഓഫാകുന്നതുപോലെയുള്ള സുരക്ഷാസംവിധാനമുണ്ട്. പഴയ ബോട്ടായതിനാൽ പുതിയ സുരക്ഷാ സംവിധാനങ്ങളില്ലാത്ത എൻജിനാണുള്ളത്. 
തീ വന്നതോടെ രണ്ട് അഗ്നിശമന ഉപകരണങ്ങളും ഉപയോ​ഗിച്ചുവെന്നാണ് ബോട്ടുടമയുടെ മൊഴി.  തീകെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 
പോളയിൽ കുടുങ്ങി ബോട്ടിന് മുന്നോട്ടുപോകാൻ പറ്റാത്ത സ്ഥിതി വന്നാൽ എൻജിൻ റെയ്സ്ചെയ്‌ത്‌ മുന്നോട്ടുപോകാറില്ല.  ഇത്തരം സന്ദർഭങ്ങളിൽ കഴ ഉപയോ​ഗിച്ചും മറ്റും പോള നീക്കിയാണ് യാത്ര തുടരുന്നത്. അടുത്തിടെ ഇങ്ങനെ കുടുങ്ങിയ ബോട്ട് പോള വാരി നീക്കിയശേഷമാണ് പോയത്. 
 
പോള നീക്കാൻ 
7.90 ലക്ഷം 
പോള ഉൾപ്പെടെ ​ഗതാ​ഗതത്തിനു തടസ്സമായവ നീക്കാൻ 7.90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഉൾനാടൻ ജല​ഗതാ​ഗതവകുപ്പ് ചീഫ് എൻജിനിയർക്കു നൽകിയിട്ടുണ്ട്.  ചവറ, കോവിൽത്തോട്ടം, ഇടപ്പള്ളിക്കോട്ട, കെഎംഎംഎൽ, കന്നേറ്റി ബോട്ട് ജെട്ടിക്ക് സമീപം എന്നിവിടങ്ങളിലെ പോളകളാണ് അടിയന്തരമായി നീക്കംചെയ്യേണ്ടത്. ഫണ്ടിന്റെ അഭാവത്തെ തുടർന്ന് അം​ഗീകാരം വൈകുകയാണ്. പുരവഞ്ചി അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സഹായത്തിനായി ദുരന്തനിവാരണവിഭാ​ഗത്തെയും ഉൾനാടൻ ജല​ഗതാ​ഗതവകുപ്പ് കൊല്ലം അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ് എൻജിനിയർ സമീപിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top