26 January Sunday

പാലാരിവട്ടം മേൽപ്പാലം : കള്ളന്മാർ കൈകോർത്ത പകൽക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

കൊച്ചി > ‘‘സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട്‌ അരങ്ങേറിയത്‌ എല്ലാ പ്രതികളും ഉൾപ്പെട്ട കുറ്റകരമായ ഗൂഢാലോചന. സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന്‌ ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌ത ആർബിഡിസികെയിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥർ സ്വകാര്യ കരാറുകാരന്‌ വൻ സാമ്പത്തികനേട്ടമുണ്ടാക്കി. വഴിവിട്ട നടപടികളിലൂടെ സർക്കാരിന്‌ വൻ സാമ്പത്തികനഷ്‌ടവും’’. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ കാട്ടുകൊള്ളയെക്കുറിച്ച്‌ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിച്ച എഫ്‌ഐആറിൽ പറഞ്ഞതിങ്ങനെ.

ദേശീയപാത 66ലെ പാലാരിവട്ടം ബൈപാസിൽ അഴിമതിയുടെ പഞ്ചവടിപ്പാലം നിർമാണംതന്നെയാണ്‌ മുൻ യുഡിഎഫ്‌ സർക്കാരും വകുപ്പുമന്ത്രിയും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരും ലക്ഷ്യമിട്ടതെന്ന്‌ പാലം നിർമാണത്തിന്റെ നാൾവഴികളിൽത്തന്നെ വ്യക്തമാണ്‌.

ടി ഒ സൂരജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേയ്ക്ക് കൊണ്ടുവരുന്നു

ടി ഒ സൂരജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേയ്ക്ക് കൊണ്ടുവരുന്നു


 

ദേശീയപാതകളിലെ പാലം നിർമാണം എൻഎച്ച്‌ അതോറിറ്റിയുടെ ചുമതലയായിരിക്കെ  സ്‌പീഡ്‌ പദ്ധതിയിൽപ്പെടുത്തി പാലം നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തതാണ്‌ അഴിമതിയിലേക്കുള്ള ആദ്യപടിയായത്‌.  സാങ്കേതിക പരിജ്ഞാനമില്ലാത്ത കിറ്റ്‌കോയെ പദ്ധതിയുടെ കൺസൾട്ടന്റായി നിയോഗിച്ചതിലൂടെ പകൽക്കൊള്ളയ്‌ക്ക്‌ അരങ്ങൊരുങ്ങി. നിർമാണപദ്ധതികളിൽ കേട്ടുകേൾവിപോലുമില്ലാത്ത നടപടികളായിരുന്നു പിന്നീട്‌.

47.70 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ ഡിസൈനിങ്ങും നിർമാണവും ഒരേകമ്പനിക്ക്‌ നൽകി; ആർഡിഎസ്‌ പ്രോജക്‌ട്‌സ്‌ എന്ന ഡൽഹി കമ്പനിക്ക്‌. 13.47 ശതമാനം കുറവിൽ 41,27,98,842 രൂപയ്‌ക്ക്‌. ഡിസൈനിൽ ഒത്തുതീർപ്പ്‌ നടത്തി നിർമാണത്തിലൂടെ വൻതുക ലാഭിക്കാൻ ഈ ഒറ്റക്കരാർ വഴിവച്ചുവെന്ന്‌ പാലത്തിലെ നിർമാണപ്പിഴവ്‌ പരിശോധിച്ച ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. ഡിഎംആർസിപോലുള്ള സ്ഥാപനങ്ങൾ ഡിസൈനുകൾ പുറം ഏജൻസികളെ ഉൾപ്പെടുത്തി ത്രിതലപരിശോധനയ്‌ക്ക്‌ വിധേയമാക്കുമ്പോഴാണിത്‌.


 

2014 മാർച്ചിൽ നിർമാണമാരംഭിച്ച പാലം 2016 ഒക്‌ടോബർ 12ന്‌ ഗതാഗതത്തിന്‌ തുറന്നു. ആദ്യവർഷംതന്നെ ടാറിങ്ങും ഡെക്ക്‌ സ്ലാബുകൾക്കിടയിലെ ജോയിന്റും തകർന്നു. സ്‌പാനുകളിലും തൂണുകളിലും വിള്ളൽ പ്രത്യക്ഷമായി. പിയർ ക്യാപ്പുകൾ ഇളകി. പാലം തൂണുകളിൽ ചേർന്നിരിക്കുന്ന ഭാഗത്തെ ബെയറിങ്ങുകൾ തകരാറിലായി. ഭാരമേറിയ വാഹനങ്ങൾ പോകുമ്പോൾ നിലംപൊത്താവുന്നവിധം ശബ്‌ദത്തോടെ പാലം ഇളകാൻ തുടങ്ങി. തുടർന്നാണ്‌ 2018 ആഗസ്‌തിൽ  മദ്രാസ്‌ ഐഐടിയെ പരിശോധനയ്‌ക്ക്‌ നിയോഗിച്ചത്‌.

കഴിഞ്ഞ മാർച്ചിൽ ഇവർ സമർപ്പിച്ച പ്രാഥമികറിപ്പോർട്ടിൽ ഗുരുതര നിർമാണപ്പിഴവ്‌ അക്കമിട്ട്‌ നിരത്തി. കോൺക്രീറ്റിൽ ആവശ്യമായ അളവിൽ സിമെന്റ്‌ ചേർത്തിരുന്നില്ലെന്നും കമ്പി ആവശ്യത്തിന്‌ ഉപയോഗിച്ചില്ലെന്നും നിർമാണഘട്ടത്തിൽ നടക്കേണ്ട ഗുണമേന്മാപരിശോധന നടത്തിയിട്ടില്ലെന്നും ഐഐടി റിപ്പോർട്ടിൽ പറഞ്ഞു.

കഴിഞ്ഞ മേയിൽ പാലം അടച്ചു. പിന്നീട്‌ ഇ ശ്രീധരന്റെയും സ്‌ട്രക്‌ചറൽ എൻജിനിയർ മഹേഷ്‌ ഠണ്ടന്റെയും നേതൃത്വത്തിൽ ജൂൺ 17നും 27നും പാലം പരിശോധിച്ചു. 17 സ്‌പാനുകൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കാനും മറ്റു ബലപ്പെടുത്തൽ നടപടികൾക്കും അദ്ദേഹം നിർദേശിച്ചു. 18.71 കോടി രൂപ ചെലവുവരുമെന്നും അദ്ദേഹം സർക്കാരിനെ അറിയിച്ചു. 

41 കോടി ചെലവഴിച്ച പാലം ഗതാഗതത്തിന്‌ തുറക്കാൻ നാലിലൊന്ന്‌ തുകകൂടി മുടക്കണമെന്ന്‌ ചുരുക്കം. ഐഐടിയുടെ അന്തിമ റിപ്പോർട്ടുകൂടി വാങ്ങി അറ്റകുറ്റപ്പണികൾ ആരംഭിക്കാനിരിക്കെയാണ്‌ സമാന്തരമായി നടന്ന വിജിലൻസ്‌ അന്വേഷണത്തിലെ അറസ്‌റ്റ്‌.

കുടുക്കിയതാണെന്ന്‌ സൂരജ്‌
മൂവാറ്റുപുഴ
തന്നെ കേസിൽ കുടുക്കിയതാണെന്ന് പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ‌ടി ഒ സൂരജ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ വാർത്താലേഖകരോടായിരുന്നു സൂരജിന്റെ പ്രതികരണം. ‘എനിക്കൊന്നുമറിയില്ല. പാലത്തിന്റെ പൈലിങ്‌ നടക്കുമ്പോൾ അവിടെയില്ലായിരുന്നു. എന്നെ കേസിൽ ഉൾപ്പെടുത്തിയതാണ്‌. അതിനുപിന്നിൽ ആരാണെന്ന്‌ അറിയില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകും’–- സൂരജ് പറഞ്ഞു.

കുസാറ്റ് തങ്കച്ചനെ നീക്കി
കളമശേരി
പാലാരിവട്ടം പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അറസ്റ്റ്‌ ചെയ്ത കുസാറ്റ് യൂണിവേഴ്സിറ്റി എൻജിനിയർ എം ടി തങ്കച്ചനെ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂദനൻ കരാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു. യുഇയുടെ പകരം ചുമതല സീനിയറായ അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ എം ജോയിക്ക് നൽകി.


പ്രധാന വാർത്തകൾ
 Top