24 October Thursday

ജോസ്‌ വിഭാഗത്തിന്‌ നിഷ തന്നെ സ്ഥാനാർഥി ; സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ്

സ്വന്തം ലേഖകൻUpdated: Saturday Aug 31, 2019


പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ജോസ്‌ വിഭാഗം ഏഴംഗ സമിതിയെ നിയോഗിച്ചു. ജോസ്‌ കെ മാണിയുടെ ഭാര്യ നിഷ തന്നെ സ്ഥാനാർഥിയാകുമെന്നാണ്‌ സൂചന. നിഷയുടെ പേര്‌ ജോസ്‌ കെ മാണി തന്നെ ഉയർത്തിക്കൊണ്ടുവരുന്നത്‌ ഒഴിവാക്കാനാണ്‌ ഏഴംഗസമിതിയെ നിയോഗിച്ചത്‌. സമിതി തീരുമാനിച്ചുവെന്ന പേരിൽ ഞായറാഴ്‌ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും.

തോമസ്‌ ചാഴികാടൻ എംപി ചെയർമാനായ സമിതിയിൽ എംഎൽഎമാരായ എൻ ജയരാജ്‌, റോഷി അഗസ്‌റ്റിൻ, മുതിർന്ന നേതാക്കളായ ജോസഫ്‌ എം പുതുശേരി, ഒ ടി ജോസ്‌, കെ ഇ ആന്റണി, സ്‌റ്റീഫൻ ജോർജ്‌ എന്നിവരാണ്‌ അംഗങ്ങൾ.  

വെള്ളിയാഴ്‌ച പാലായിൽ ചേർന്ന ജോസ്‌ വിഭാഗം നേതൃയോഗത്തിലും മറ്റ്‌ പേരുകളൊന്നും ഉയർന്നുവന്നില്ല.  പി ജെ ജോസഫ്‌ സ്വന്തം നിലയിൽ സ്ഥാനാർഥിയെ  പ്രഖ്യാപിക്കുമെന്ന്‌ വെളിപ്പെടുത്തിയത്‌ യുഡിഎഫ്‌ നേതൃത്വം പരിശോധിക്കണമെന്ന നിലപാടും ജോസ്‌ വിഭാഗം യോഗം മുന്നോട്ടുവച്ചിട്ടുണ്ട്‌. ജോസഫ്‌  സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്‌ മുന്നണിയെയാണ്‌  ബാധിക്കുന്നതെന്നും യോഗം വിലയിരുത്തി.

സ്ഥാനാർഥി ഞായറാഴ്ച : പി ജെ ജോസഫ്
പാലായിലെ യുഡിഎഫ് സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
യുഡിഎഫ് നേതൃത്വവുമായി ആലോചിച്ചാകും സ്ഥാനാർഥി പ്രഖ്യാപനം. ഏതെങ്കിലുമൊരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാർഥിക്ക് പാർടി ചിഹ്നം കൊടുക്കുമെന്നും ജോസഫ് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top