22 October Tuesday

സിആര്‍ഇസെഡ് പ്ലാന്‍ റിപ്പോര്‍ട്ട് അഞ്ചുമാസത്തിനകം തയ്യാറാക്കണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


കൊച്ചി
2019ലെ സിആർഇസെഡ് വിജ്ഞാപനപ്രകാരമുള്ള പ്ലാനിനുവേണ്ട വിവരങ്ങളടങ്ങിയ റിപ്പോർട്ട് അഞ്ചുമാസത്തിനകം തയ്യാറാക്കണമെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിനും (സെസ്) തീരദേശ പരിപാലന അതോറിറ്റിക്കും ഹൈക്കോടതി നിർദേശം നൽകി. കരടുപദ്ധതി തയ്യാറാക്കാൻ സെസിനെ ചുമതലപ്പെടുത്തുമെന്ന തീരുമാനം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സമയപരിധി നിശ്ചയിച്ചത്.

സംസ്ഥാനത്തെ പഞ്ചായത്ത് മേഖലകൾ തീരപരിപാലനമേഖലയുടെ ഏത് വിഭാഗത്തിലാണെന്ന് പരിശോധിക്കാതെ യാന്ത്രികമായി മൂന്നാംമേഖലയിൽ ഉൾപ്പെടുത്തിയെന്ന്‌ ആരോപിച്ച് കലൂർ ജോസഫ് നൽകിയ ഹർജിയാണ് പരിഗണനയിലുള്ളത്. തീരപരിപാലന പദ്ധതിയുടെ കരട് തയ്യാറാക്കാൻ സെസിനെ ചുമതലപ്പെടുത്തി ആഗസ്ത്‌ 20ന്‌ ഇറങ്ങിയ ഉത്തരവ് സ്‌റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരാക്കി. വിവരശേഖരണത്തിന് ചെന്നൈയിലെ ദേശീയ സുസ്ഥിര തീരപരിപാലന കേന്ദ്രം (എൻസിഎസ്‌സിഎം) ഡയറക്ടർ അഞ്ചുമാസം സമയമാണ്‌ കണക്കാക്കിയത്. ഈ സാഹചര്യത്തിലാണ് അഞ്ചുമാസത്തിനകം റിപ്പോർട്ട്  തയ്യാറാക്കാൻ കോടതി നിർദേശിച്ചത്‌.


പ്രധാന വാർത്തകൾ
 Top