24 April Wednesday

കുഞ്ഞുകൺകൾ കണ്ടപ്പോൾ കണ്ണീരിന്റെ ഉരുൾപൊട്ടൽ

വി ജെ വർഗീസ്Updated: Friday Aug 31, 2018പൊഴുതന
മൂന്ന് മാസംമാത്രം പ്രായമായ അസീം കണ്ണിൽ നോക്കി ചിരിച്ചപ്പോൾ ഉപ്പ അസീസിന്റെ കവിൾത്തടത്തിലൂടെ കണ്ണീരൊഴുകി. മകനെ എത്ര വാരിപ്പുണർന്നിട്ടും ഈ ഉപ്പാക്ക് മതിവരുന്നില്ല. ഉരുൾപൊട്ടി മരണമുഖത്തുനിന്ന‌് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തെ കാണാൻ ജോലി രാജിവച്ച് ബുധനാഴ്ച രാത്രിയാണ് പൊഴുതന അമ്മാറചോല അസീസ് വിദേശത്തുനിന്ന‌്നാട്ടിലെത്തിയത്. അസീമിനെ ആദ്യമായാണ് അസീസ‌് കണ്ടത്. വൈദ്യുതി കമ്പിയിൽ പിടിച്ചുകിടന്ന് നിലവിളിച്ച് ജീവൻ തിരിച്ചുപിടിച്ച പത്തുവയസുകാരനായ മൂത്തമകൻ ആതിലിനെയും രണ്ടാമത്തെ മകൻ ഹാഫിൻ മുഹമ്മദിനെയും ആദ്യം കാണുന്നതുപോലെയായിരുന്നു. അവരുടെ മുഖത്തുനിന്ന‌് കണ്ണെടുക്കാനാവുന്നില്ല. ഭാര്യ ജഷീലക്കും ജഷീലയുടെ ഉമ്മ സുബൈദക്കും ഇത് പുനർജന്മമാണ്.

കഴിഞ്ഞ ഒമ്പതിന് രാത്രി ഒന്നരയോടെ അമ്മാറയിലുണ്ടായ ഉരുൾപൊട്ടലിൽനിന്നാണ് ഈ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇടിവെട്ടുംപോലുള്ള ശബ്ദം കേട്ട് ഉറക്കമുണരുമ്പോൾ മലവെള്ളം വീടിനകത്ത് കയറിയിരുന്നു. സുബൈദ നിലവിളിച്ച് രക്ഷപ്പെടാൻ പറഞ്ഞപ്പോൾ അസീമിനെ നെഞ്ചോട് ചേർത്ത് മറ്റുമക്കളെയും വിളിച്ച് ജഷീല പുറത്തിറങ്ങുമ്പോഴേക്കും കുതിച്ചെത്തിയ വെള്ളത്തിൽപെട്ടു. ചുഴിയിൽ അകപ്പെട്ടതുപോലെയായിരുന്നു. ആതിലിനെ കാണാതായി. മരണം മുന്നിൽ കണ്ടു. കുഞ്ഞ് ആസിമെങ്കിലും രക്ഷപ്പെടട്ടെയെന്ന് കരുതി ദൂരേക്ക് എറിയാൻ തുനിഞ്ഞു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മുന്നോട്ട് നീങ്ങുമ്പോൾ ആതിലിന്റെ നിലവിളി കേൾക്കുന്നുണ്ടായിരുന്നു. മകൻ പോയെന്ന് സുബൈദ പുറകിൽനിന്ന‌് പറയുന്നത് ജഷീല കേട്ടു. രക്ഷിക്കണേയെന്ന ആതിലിന്റെ നിലവിളികേട്ട് അയൽവാസി സുനിൽ ഇരുട്ടിലും തപ്പിത്തടഞ്ഞ് എത്തി. സുനിയുടെ വീടിനടുത്തെത്തിയ ആതിലിനെയെടുത്ത് ഓടി. പിന്നീട് എങ്ങനെയോ ജഷീലയേയും മറ്റുള്ളവരെയും രക്ഷപ്പെടുത്തി. അപ്പോഴേക്കും കൂറ്റൻ പാറക്കല്ലുകളടക്കം ഒലിച്ചെത്തിയിരുന്നു. നിമിഷങ്ങൾക്കകം രണ്ടു വീടുകൾ കാണാതായി. രണ്ടും തൊട്ടടുത്ത ദിവസങ്ങളിൽ ഗൃഹപ്രവേശം നടത്താനിരുന്നത്. സുനിലിന്റെ വീടിന്റെ ഒരുഭാഗവും തകർന്നു.

തന്റെ കുടുംബം നേരിട്ട ദുരനുഭവം അസീസിന് കേൾക്കാൻപോലുമാകുന്നില്ല. 11 വർഷമായി ദമാമിൽ മീൻ കമ്പനിയിൽ ജോലിചെയ്യുകയാണ്. മൂന്ന് വർഷം മുമ്പ് ഒമ്പത് ലക്ഷം രൂപക്കാണ് 11 സെന്റ് സ്ഥലം വാങ്ങിയത്. 15 ലക്ഷത്തോളം രൂപ വീടിനും ചെലവഴിച്ചു. തേപ്പ് ഉൾപ്പെടെയുള്ള പണികൾ ബാക്കിയുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ വീടിന്റെ ചുമരുകളും മേൽക്കൂരയും തകർന്നു. ഇനി വീട് നന്നാക്കിയെടുക്കാനാവില്ല. വീട്ടിലെ സർവവും നശിച്ചു. സ്ഥലവും നഷ്ടപ്പെട്ടു.  അസീസിന്റെ സഹോദരൻ റസാഖിന്റെ വീട്ടിലാണിവരിപ്പോൾ താമസിക്കുന്നത്. ഇതുവരെ അധ്വാനിച്ചത് മുഴുവൻ നഷ്ടപ്പെട്ടെങ്കിലും തന്റെ കുടുംബത്തെ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ പിതാവ്.


പ്രധാന വാർത്തകൾ
 Top