27 September Monday

സ്ത്രീധന പീഡനം: ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


കൊച്ചി
സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച കേസിൽ ഭർത്താവും ഭർത്താവിന്റെ അച്ഛനും അറസ്റ്റിൽ. ടെക്‌നോപാർക്കിലെ സോഫ്റ്റ്‌വെയർ എൻജിനിയറായ പച്ചാളം പനച്ചിക്കൽ ജിപ്‌സൺ (31), അച്ഛൻ പീറ്റർ (57) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ പട്ടിണിക്കിട്ട് മർദിക്കുകയും മകളുടെ ദുരവസ്ഥ അന്വേഷിക്കാനെത്തിയ അച്ഛന്റെ കാല് തല്ലിയൊടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ജിപ്സന്റെ അമ്മ ജൂലി കേസിലെ മൂന്നാംപ്രതിയാണ്. ഇവരെയും ഉടൻ അറസ്റ്റുചെയ്യും.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോർത്ത് സിഐ സിബി ടോം വനിതാ കമീഷനുമുന്നിൽ ഹാജരായി  വിവരങ്ങൾ ബോധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്. പരാതിക്കാരിയായ യുവതിയെ സന്ദർശിച്ച വനിതാ കമീഷൻ അം​ഗം ഷിജി ശിവജി പൊലീസിനെ വിമർശിച്ചിരുന്നു. ആദ്യത്തെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമവകുപ്പുകൾ ചേർക്കാതിരുന്നതിനെയും അവർ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോ​ഗസ്ഥൻ നൽകിയ വിശദാംശങ്ങൾ പരിശോധിച്ചശേഷം തുടർനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീധന പീഡന പരാതിയിൽ നടപടി വൈകുന്നതിനെതിരെ യുവതിയും രംഗത്ത് വന്നിരുന്നു.

കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലെന്നും പ്രതികളുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ഇടപെടുന്നതായും യുവതി ആരോപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top