31 March Friday

മത്സ്യമേഖലയില്‍ 1233 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2016

തിരുവനന്തപുരം > സംസ്ഥാനത്തെ മത്സ്യമേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ക്ഷേമത്തിനുമായി 1233 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്ക് ഫിഷറീസ് വകുപ്പ് രൂപം നല്‍കി. തീരദേശ മത്സ്യത്തൊഴിലാളിമേഖലയിലെ അടിസ്ഥാന സൌകര്യ വികസനം, മത്സ്യബന്ധന സൌകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍, മത്സ്യത്തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സാമൂഹ്യസുരക്ഷാ പദ്ധതികള്‍, ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ വികസനം, മത്സ്യവിപണത്തിന് ആരോഗ്യകരമായ സൌകര്യം ഒരുക്കല്‍ തുടങ്ങിയവയ്്ക്കാണ് ഊന്നല്‍.

മൂലധന നിക്ഷേപമായി 687.77 കോടി രൂപയും, പദ്ധതിയിതര പ്രവര്‍ത്തനങ്ങള്‍ക്കായി 429.80 കോടി രൂപയും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി 115 കോടി രൂപയും അടങ്കല്‍വരുന്ന നിര്‍ദേശങ്ങളാണ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്ക് ഉല്‍പ്പാദന ബോണസ്, നാടന്‍ വള്ളങ്ങളുടെ ആധുനികവല്‍ക്കരണം, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുടെ യന്ത്രവല്‍ക്കരണം, സമ്പാദ്യ സമാശ്വാസ പദ്ധതി,പഞ്ഞമാസ സമാശ്വാസ പദ്ധതി തുടങ്ങിയവ കൂടുതല്‍ ശാക്തീകരിച്ച് തുടരും. വിഴിഞ്ഞം തുറമുഖ നിര്‍മാണംമൂലം പുനരധിവസിപ്പിക്കേണ്ടവരുടെ പൂര്‍ണബാധ്യത ഏറ്റെടുക്കാനായി 25 കോടി രൂപയുടെ പദ്ധതിപ്രവര്‍ത്തനത്തിന് തുടക്കമിടും. കൂടുതല്‍ പണം ആവശ്യമെങ്കില്‍ വിനിയോഗിക്കും. തീരപരിപാലന നിയമത്തിന്റെ പരിധിയില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിനും പദ്ധതിയുണ്ട്.

മൂന്ന് ഫിഷ് ലാന്‍ഡിങ് സെന്റര്‍ ഉള്‍പ്പെടെ 13 മത്സ്യബന്ധന തുറമുഖങ്ങളുടെ പര്യവേക്ഷണ പ്രവൃത്തികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. കൊയിലാണ്ടി തുറമുഖം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ചെത്തി തുറമുഖത്തിന് അഞ്ചു കോടിയുടെ പദ്ധതിയുണ്ട്. 15 കോടി രൂപ ചെലവിട്ട് നീണ്ടകര, ചെല്ലാനം തുറമുഖങ്ങള്‍ക്ക് ഇനിയും ആവശ്യമായ ഭൂമി ലഭ്യമാക്കും. സംയോജിത തീരദേശ വികസന പദ്ധതിയില്‍ 130 കോടി രൂപയുടെ പ്രവൃത്തിയാണ് ഈ വര്‍ഷം പൂര്‍ത്തിയാക്കുക. ആര്‍ത്തുങ്കല്‍, വെള്ളയില്‍, താനൂര്‍, മഞ്ചേശ്വരം, മുനയ്ക്കകടവില്‍, ചേറ്റുവ, തലായി തുറമുഖങ്ങളും ഫിഷ് ലാന്‍ഡിങ് സെന്ററുകളും ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

മൂന്ന് മറൈന്‍ ആംബുലന്‍സ് വാങ്ങും. 12 മാസം മത്സ്യത്തൊഴിലാളികള്‍ക്ക് സൌജന്യനിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ 68 കോടി രൂപ വിനിയോഗിക്കണം. തീരമൈത്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍വഴി സബ്സിഡിനിരക്കില്‍ ഭക്ഷ്യസാധനം വിതരണംചെയ്യും.

50,715 മത്സ്യത്തൊഴിലാളികള്‍ക്കും 10,250 മത്സ്യത്തൊഴിലാളി വിധവകള്‍ക്കും 7285 അനുബന്ധത്തൊഴിലാളികള്‍ക്കും പ്രതിമാസം 1000 രൂപ നിരക്കില്‍ പെന്‍ഷന്‍ വിതരണംചെയ്യും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കല്‍, അലങ്കാര മത്സ്യമേഖലയുടെ പുനരുജ്ജീവനം, 120 കോടി രൂപയുടെ തീരദേശ റോഡ് നിര്‍മാണം, പുലിമുട്ടുകളുടെ നിര്‍മാണം, തലശേരി മത്സ്യബന്ധന തുറമുഖത്തിന്റെ പൂര്‍ത്തീകരണം, ആഴക്കടല്‍ മത്സ്യബന്ധനത്തിന് യാനങ്ങളും പരിശീലനവും തുടങ്ങിയവയും ഈ വര്‍ഷത്തെ പദ്ധതികളാണ്.

മത്സ്യവിത്ത് ഉല്‍പ്പാദനകേന്ദ്രങ്ങളും നേഴ്സറികളും സ്ഥാപിക്കല്‍, മത്സ്യവിഭവങ്ങളുടെ സംരക്ഷണവും പരിപാലനവും, മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം, മത്സ്യത്തൊഴിലാളി ഭവനപദ്ധതി, കടല്‍ സുരക്ഷ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top