31 March Friday
ട്രോളിങ് നിരോധം ഇന്ന് അവസാനിക്കും

മത്സ്യബന്ധനത്തിന് ഇനി നീല ബോട്ടുകള്‍

അഞ്ജുനാഥ്Updated: Sunday Jul 31, 2016

കൊച്ചി > സംസ്ഥാനത്ത് 47 ദിവസത്തെ ട്രോളിങ്നിരോധം ഞായറാഴ്ച അര്‍ധരാത്രി അവസാനിക്കും. ഇനി പുറംഭാഗത്ത് നീലയും അകം ഓറഞ്ചു നിറത്തിലുമാകും ബോട്ടുകള്‍ കടലിലിറങ്ങുക. എന്നാല്‍ നിറംമാറ്റം നിര്‍ബന്ധിതമാക്കുന്നത് രണ്ടുമാസത്തേക്കുകൂടി നീട്ടി. ബോട്ടുടമകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് അനുകൂല സമീപനം സ്വീകരിച്ചതു കണക്കിലെടുത്താണ് മറ്റുള്ളവര്‍ക്ക് സാവകാശം നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനു ശേഷവും നിറം മാറ്റാത്ത ബോട്ടുകള്‍ കടലിലിറങ്ങാന്‍ അനുവദിക്കില്ല.

തീരസുരക്ഷയുടെ പേരിലാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളിലുള്ള ബോട്ടുകള്‍ക്ക് പ്രത്യേക നിറങ്ങള്‍ നിര്‍ദേശിച്ചത്. കേരളത്തിലെ ബോട്ടുകള്‍ക്ക് പുറംഭാഗത്ത് (ഹള്‍) കടും നീലയും ഉള്ളില്‍ (വീല്‍ ഹൌസ്) ഓറഞ്ചുമാണ് നിര്‍ദേശിച്ച നിറങ്ങള്‍. ട്രോളിങ്നിരോധ കാലയളവില്‍ ബോട്ടുകളുടെ നിറം മാറ്റണമെന്ന് നേരത്തെ ഉടമകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത 4813 ഫിഷിങ്ബോട്ടുകളാണുള്ളത്. ഇതില്‍ 1500 ഓളം ബോട്ടുകളുടെ നിറം മാറ്റിയതായി ഫിഷറീസ്  വകുപ്പ് അധികൃതര്‍ പറഞ്ഞു.

ബോട്ടുകള്‍ പെയിന്റ്ചെയ്യുന്നതിനുള്ള ചെലവാണ് ഉടമകളെ വിഷമിപ്പിക്കുന്നത്. ഒരു ബോട്ട് പുതുതായി പെയിന്റ്ചെയ്തിറക്കാന്‍ രണ്ടുലക്ഷം രൂപയോളം വേണം. 2015ലെ ട്രോളിങ് നിരോധ സമയത്തുതന്നെ നിറം മാറ്റണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ബോട്ടുടമകള്‍ പ്രതിഷേധിച്ചതിനാല്‍ കാലാവധി നീട്ടിനല്‍കുകയായിരുന്നു.

ട്രോളിങ്നിരോധ കാലയളവില്‍ ഇത്തവണ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ മീന്‍ കിട്ടി. കഴിഞ്ഞ രണ്ട് ആഴ്ചയായി കൊച്ചി, ചെല്ലാനം, ആലപ്പുഴ എന്നിവിടങ്ങളില്‍ നാരന്‍, പൂവാലന്‍ ചെമ്മീന്‍ ഇനങ്ങളാണ് കൂടുതല്‍ ലഭിച്ചത്. എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദുരിതം തുടരുകയാണ്. ചാളയുടെ കുറവാണ് ഇവര്‍ക്ക് തിരിച്ചടിയാവുന്നത്. 2012ല്‍ 3,90,000 ടണ്‍ ചാളയാണ് കേരളത്തില്‍ ലഭിച്ചത്. 2015ല്‍ ഇത് 68,000 ടണ്ണായി കുറഞ്ഞു. കേരളത്തിലെ 1,45,000 പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ 70 ശതമാനവും ഏറ്റവും കൂടുതല്‍ പിടിക്കുന്നത് ചാളയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top