14 July Tuesday
രാവിലെ 8.30 മുതൽ വൈകിട്ട്‌ 5.30 വരെ

വീടാകും വിദ്യാലയം; വിക്ടേഴ്‌സ്‌ ചാനലിൽ ഓൺലൈൻ ക്ളാസുകൾ ഇന്നുമുതൽ

സ്വന്തം ലേഖികUpdated: Monday Jun 1, 2020

അസാധാരണ കാലഘട്ടം ആവശ്യപ്പെടുന്ന വേറിട്ട വഴിയിൽ പഠിച്ചും തിരുത്തിയും മുന്നേറാൻ സർക്കാരിനൊപ്പം തയ്യാറെടുക്കുകയാണ്‌ വിദ്യാർഥികളും രക്ഷിതാക്കളും

വിക്ടേഴ്‌സ്‌ ചാനലിൽ ആദ്യമണി മുഴങ്ങുമ്പോൾ ക്ലാസ് മുറിയിൽ ഇക്കുറി വിദ്യാർഥിക്കൊപ്പം രക്ഷിതാക്കളും. കോവിഡിന്റെ ഭീതിയിൽ ക്ലാസ്‌ മുറികൾ വീടകങ്ങളിൽ എത്തുമ്പോൾ കുടുംബാംഗങ്ങൾക്ക്‌ ലഭിക്കുന്നത്‌ നഷ്ടപ്പെട്ട വിദ്യാർഥി ദിനങ്ങൾ വീണ്ടെടുക്കാനുള്ള അപൂർവാവസരം. 

രാവിലെ 8.30 മുതൽ വൈകിട്ട്‌ 5.30 വരെ ടിവി–- ലാപ്‌ടോപ്‌–- മൊബൈൽ സ്ക്രീനുകളിൽ ലഭ്യമാകുന്ന ക്ലാസുകളിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഒന്നാം ക്ലാസുകാരുടെ മുഴുവൻ കുടുംബാംഗങ്ങളും കുരുന്നുകൾക്കൊപ്പം ക്ലാസുകൾ കേൾക്കണമെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.

പുനഃസംപ്രേഷണം
പ്ലസ്‌ ടുവിനുള്ള നാല്‌ വിഷയവും രാത്രി ഏഴുമുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയം വൈകിട്ട്‌  5.30 മുതലും പുനഃസംപ്രേഷണം ചെയ്യും. മറ്റ്‌  വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയാണ്‌.

തിരഞ്ഞ്‌ വലയേണ്ട
കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്.  ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്‍‌വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിൽ ലഭിക്കും. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടിവിയിലും 642–--ാം നമ്പർ. മറ്റ്‌ ഡിടിഎച്ചുകളിലും ചാനൽ ഉടൻ ലഭ്യമാക്കും.

ഒരാളും വിട്ടുപോകില്ല
ടിവിയോ ഇന്റർനെറ്റ്‌ കണക്‌ഷനോ ഇല്ലാത്ത 2.5 ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്കും ഒരു ക്ലാസ് പോലും നഷ്ടമാകില്ല. ഇവരുടെ വീട്ടിലോ പരിസരത്തെ വായനശാല, അങ്കണവാടി എന്നിവിടങ്ങളിലോ പഠന സൗകര്യം ഉറപ്പാക്കും.  ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്, 7000 പ്രൊജക്ടർ, 4545 ടെലിവിഷൻ എന്നിവ ഇതിനായി ഉപയോഗിക്കും.  പുതിയ തുടക്കം എന്നതിനാൽ ആദ്യ ആഴ്ച പരീക്ഷണ അടിസ്ഥാനത്തിലാകും ക്ലാസ്.

താൽക്കാലികംമാത്രം
ഇത്‌ സ്കൂളുകൾക്കോ അധ്യാപകർക്കോ ബദൽ അല്ലെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു.

എവിടെ കിട്ടും
www.victers.kite.kerala.gov.in പോർട്ടൽ വഴിയും facebook.com/victerseduchannel പേജിലും തൽസമയവും സംപ്രേഷണം ചെയ്യും. ക്ലാസ് തീർന്ന ഉടൻ youtube.com/itsvicters യുട്യൂബ് ചാനലിൽ അപ്‌ലോഡ്‌ ചെയ്യും.

ജോലിക്ക്‌ പോകുന്ന രക്ഷിതാക്കൾക്കും അതത്‌ സമയം കേൾക്കാനാകാത്തവർക്കും ഈ ലിങ്കുകൾ പ്രയോജനപ്പെടുത്താം.

ക്ലാസ്‌ യുട്യൂബിലും നവമാധ്യമങ്ങളിലും
വിദ്യാർഥികൾക്കൊപ്പം അധ്യാപകരും അവരവരുടെ വീട്ടിലിരുന്ന്‌ ക്ലാസുകൾ കേൾക്കും. ക്ലാസ്‌ കഴിഞ്ഞ ഉടൻ പാഠഭാഗം യുട്യൂബിലും നവമാധ്യമങ്ങളിലും ലഭ്യമാകും. രാത്രിയും ശനി, ഞായർ ദിനങ്ങളിലും പുനഃസംപ്രേഷണവും ഉണ്ടാകും. പാഠവുമായി ബന്ധപ്പെട്ട സംശയങ്ങളും തുടർ പ്രവർത്തനങ്ങളും അതത്‌ സ്കൂളുകളിലെ അധ്യാപകർ വിദ്യാർഥികളുമായി ചർച്ച ചെയ്യും. നവമാധ്യമങ്ങളുടെയും നവീന സാങ്കേതിക വിദ്യയുടെയും സഹകരണത്തോടെ കുട്ടികൾ പഠന പ്രക്രിയയിൽ സജീവമാകുന്നെന്ന്‌ ഉറപ്പാക്കും. പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ആദ്യ ഒരാഴ്ച പരീക്ഷണ അടിസ്ഥാനത്തിലാണ്‌ ക്ലാസ്. തിങ്കളാഴ്ചയിലെ ക്ലാസുകൾ അതേ ക്രമത്തിൽ എട്ടിന്‌ വീണ്ടും സംപ്രേഷണംചെയ്യും.

കോളേജുകളിലും ഓൺലൈൻ പഠനം ഇന്നുമുതൽ
കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളിലും തിങ്കളാഴ്‌ച ഓൺലൈൻ ക്ലാസ്‌ തുടങ്ങും. രാവിലെ 8.30ന് തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് കേന്ദ്രത്തിലൂടെ ലൈവ് ക്‌ളാസ് നടത്തി മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചൈയ്യും. ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജിലും മറ്റുള്ളവർക്ക് താഴെ പറയുന്ന ലിങ്കിലും തത്സമയം ലഭിക്കും. https://asapkerala.webex.com/asapkerala/onstage/g.php MTID=ec0c9475a883464d05dae21f955272668

അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് അവസാനിക്കുന്ന രീതിയിൽ അധ്യാപകർ ഓൺലൈനിൽ കൂടി ക്‌ളാസുകളെടുക്കും. ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരാകുകയും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസുകൾ കൈകാര്യം ചെയ്യും.

 


പ്രധാന വാർത്തകൾ
 Top