14 July Tuesday

കുളംകുഴിക്കൂ; "പൊൻ'മീൻ വളർത്തൂ ; നൂറു ശതമാനംവരെ സബ്‌സിഡി; പദ്ധതി ഭേദഗതിക്ക്‌ പത്തുവരെ അവസരം

റഷീദ‌് ആനപ്പുറംUpdated: Sunday May 31, 2020


വീട്ടുവളപ്പിൽ കുളംകുഴിച്ച്‌ മത്സ്യം വളർത്തിയാൽ വൻ സബ്‌സിഡി. 49,200 രൂപ മുതൽ 1,23,000 വരെ ‌ തദ്ദേശ സ്ഥാപനങ്ങൾ ധനസഹായം നൽകും. മത്സ്യവകുപ്പിന്റെ സബ്‌സിഡി ഉൾപ്പെടെയാണിത്‌. കേരളത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച ‘സുഭിക്ഷ കേരള’ത്തിന്റെ ഭാഗമായി‌ തദ്ദേശസ്ഥാപനങ്ങളുടെ പുതുക്കിയ മാർഗ നിർദേശത്തിലാണ്‌ ഈ ആനുകൂല്യം‌.

ആദ്യമായാണ്‌ വീട്ടുവളപ്പിൽ കുളം നിർമിച്ച്‌ മത്സ്യം വളർത്താൻ വിപുലമായ പദ്ധതി. കുളം കുഴിക്കൽ, ബണ്ട്‌നിർമാണം, പടുത വിരിക്കൽ, അടിത്തട്ട്‌ വിരിക്കൽ, വെള്ളം നിറയ്‌ക്കൽ, സംരക്ഷിത വല ഉൾപ്പെടെയുള്ള പ്രവൃത്തിക്കാണ്‌ സബ്‌സിഡി. 1000 മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന കുളത്തിന്‌ 1,23,000 രൂപയാണ്‌ ആകെ ചെലവ്‌. 80 ചതുരശ്ര മീറ്റർ  വിസ്‌തീർണം. 40 സെന്റീമീറ്റർ ആഴത്തിൽ കുഴി. ഈ മണ്ണ്‌ കൊണ്ട്‌ കുളത്തിന്‌ ചുറ്റും 110 സെന്റീമിറ്റർ ഉയരത്തിൽ ബണ്ട്‌ രൂപീകരിക്കണം. 125 സെന്റിമീറ്റർ ഉയരത്തിൽ ജലം നിറയ്‌ക്കണം. ഇതിൽ പൊതുവിഭാഗത്തിന്‌ 49,200 രൂപയും (40 ശതമാനം) പട്ടികജാതി വിഭാഗത്തിന്‌ 92,250 രൂപയും (75 ശതമാനം) സബ്‌സിഡി ലഭിക്കും. പട്ടികവർഗ വിഭാഗത്തിന്‌ മുഴുവൻ തുകയും (100 ശതമാനം) സബ്‌സിഡി ലഭിക്കും. കൃത്രിമ കുളമുണ്ടാക്കിയുള്ള ‘ബയോഫ്‌ളോക്ക്‌’ മത്സ്യകൃഷിക്കും കുളത്തിലെ കരിമീൻ കൃഷിക്കും സബ്‌സിഡി ലഭിക്കും. വ്യക്തികൾക്കുപുറമെ ഗ്രൂപ്പുകൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും പദ്ധതി തയ്യാറാക്കാം. 

കുളം നിർമിക്കാൻ തൊഴിലുറപ്പ്‌ പദ്ധതിയുടെ സഹായം തേടാം. നിർമിക്കുന്ന കുളങ്ങളുടെ യൂണിറ്റ്‌ ചെലവിൽ കുറവ്‌ വരുത്തി ശേഷിക്കുന്ന തുകയ്‌ക്ക്‌ ആനുപാതികമായാകും സബ്‌സിഡി. ഫിഷറീസ്‌ വകുപ്പിന്റെ ഇൻഷുറൻസും ലഭിക്കും.

പദ്ധതി ഭേദഗതിക്ക്‌ പത്തുവരെ അവസരം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭേദഗതി വരുത്തിയ വാർഷിക പദ്ധതികൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ജൂൺ പത്തുവരെ സമർപ്പിക്കാം.


പ്രധാന വാർത്തകൾ
 Top