22 July Monday

വിവിധ ക്യാമ്പയിനുകളുമായി ഡിവൈഎഫ്ഐ; പരിസ്ഥിതി ദിനത്തില്‍ 2.6 ലക്ഷം വൃക്ഷത്തൈകൾ നടും

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019


ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഡിവൈഎഫ്ഐ സംസ്ഥാന തലത്തിൽ രണ്ടരലക്ഷത്തിലേറെ വൃക്ഷത്തൈകൾ നടും. ‘ഭൂമിക്കായ് ഒരുമ’ എന്ന പരിപാടിയുടെ ഭാ​ഗമായി ഒരു യൂണിറ്റിൽ 10 വീതം വൃക്ഷത്തൈ നടുമെന്ന‌് സംസ്ഥാന സെക്രട്ടറി എ എ റഹിം പറ‍ഞ്ഞു. കണ്ടൽക്കാട് സംരക്ഷണം, ജലാശയങ്ങൾ വീണ്ടെടുക്കുക തുടങ്ങിയ ക്യാമ്പയിനുകളും നടത്തും.

കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ ‘കണ്ടൽകാക്കാം നാളേക്കായി’ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വൈപ്പിനിലെ ചെറായിയിൽ തിങ്കളാഴ്ച നടക്കും. ഇവിടെ 1000 കണ്ടൽ ചെടി വച്ചുപിടിപ്പിക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ് എന്നിവർ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തിൽ ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ നടത്തും. പ്രാദേശികതലത്തിൽ കണ്ടൽക്കാട‌് സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി “കണ്ടൽസംരക്ഷണസമിതി’കൾ രൂപീകരിക്കും. കോട്ടയം ജില്ലയിൽ നടത്തുന്ന പരിസ്ഥിതി ശിൽപ്പശാലയിൽ സംരക്ഷണപദ്ധതിക്ക് രൂപം നൽകും. “ജലസ്രോതസ്സുകൾ വീണ്ടെടുക്കുക’ എന്ന ലക്ഷ്യത്തോടെ നടന്നു വരുന്ന ക്യാമ്പയിൻ പരിസ്ഥിതി ദിനത്തിന് മുമ്പ‌് പൂർത്തിയാക്കും. ക്യാമ്പയിന്റെ ഭാ​ഗമായി 2000 മേഖലാ കേന്ദ്രങ്ങളിൽ നിലച്ചുപോയ ജലസ്രോതസ്സുകൾ വീണ്ടെടുക്കുകയും നിലവിലുള്ളവ ശുചീകരിക്കുകയും ചെയ്യും. ആയിരത്തിലധികം കേന്ദ്രങ്ങളിൽ ശുചീകരണപ്രവർത്തനം നടന്നു.
ബ്ലോക്കിൽ ഒരു ഏക്കറിൽ കുറയാത്ത സ്ഥലത്ത് കൃഷി ആരംഭിക്കും. ഡിവൈഎഫ്ഐയുടെ 212 ബ്ലോക്ക് കേന്ദ്രത്തിലും പദ്ധതി നടപ്പാക്കും. ഓണത്തിന് വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് കൃഷി നടത്തുന്നത്.

മയക്കുമരുന്നിനും മദ്യത്തിനുമെതിരെ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പയിന്റെ ഭാ​ഗമായി 2000 ജാ​ഗ്രതാ സമിതി രൂപീകരിക്കും. ജില്ലകളിൽ10 പേരും ബ്ലോക്ക് തലത്തിൽ അഞ്ചു പേരുമടങ്ങുന്ന ഹെൽപ്പ് ലെെനുകളും ആരംഭിക്കും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26ന് സംസ്ഥാനത്തെ ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മയക്കുമരുന്നിനും മദ്യത്തിനുമെതിരായ പ്രചാരണം സംഘടിപ്പിക്കും. എൻഡിപിഎസ് ആക്ടിലെ പഴുതുകളെ പറ്റി നിയമവിദഗ്ധരെയും അക്കാദമിക് പണ്ഡിതന്മാരെയും ഉൾപ്പെടുത്തി എറണാകുളത്ത് സെമിനാർ  സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, വെെസ് പ്രസിഡന്റ് കെ യു ജനീഷ് കുമാർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top