20 November Wednesday

പ്രകൃതിക്ക് ഷോക്കേല്‍ക്കാത്ത ഡബിള്‍ഡക്കർ വൈദ്യുതി ലൈന്‍ ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍

സി എ പ്രേമചന്ദ്രൻUpdated: Saturday Jun 1, 2019


മരങ്ങൾ മുറിക്കാതെ ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുത്തിയുള്ള പ്രകൃതിസൗഹൃദ ഡബിൾ ഡക്കർ വൈദ്യുതി ലൈൻ രാജ്യത്ത് ആദ്യമായി കേരളത്തിൽ യാഥാർഥ്യമാവുന്നു. നിലവിലുള്ള 220 കെ വി ലെനിന്റെ മുകളിലൂടെയാണ് 400 കെ വി ലൈൻ വലിക്കുന്നത്. സാധാരണ ഇത്തരം ലൈൻ വലിക്കുമ്പോൾ ഇരുഭാഗങ്ങളിലായി 48 മീറ്റര്‍ വീതിയിലുള്ള ഭാ​ഗത്തെ മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. എന്നാല്‍ പഴയ ലെനിന്റെ മുകളിലൂടെ വലിക്കുന്നതില്‍ ഇതിനായി പുതുതായി മരങ്ങള്‍ മുറിക്കേണ്ടിവരുന്നില്ല. മാത്രമല്ല ഇരുലൈനുകളിലും ഉപയോഗിക്കുന്ന കമ്പികൾ ഉയർന്ന താപനിലയിൽ കൂടുതൽ വൈദ്യുതി പ്രവഹിക്കാൻ ശേഷിയുള്ളതും  താഴ്ന്നു വരാത്തവയുമാണ്. കാറ്റത്ത് ആടിയുലയില്ല.

ഒന്നാംഘട്ടമായി തൃശൂർ ജില്ലയിലെ മാടക്കത്തറമുതൽ മലപ്പുറം ജില്ലയിലെ മലാപറമ്പ്  വരെയുള്ള ലൈൻ 90 ശതമാനവും പൂർത്തിയായി. കെഎസ്ഇബി നേരിട്ട് നിർമിക്കുന്ന ആദ്യ 400 കെ വി ലൈനാണെന്ന സവിശേഷതയുമുണ്ട്. പദ്ധതി വഴി  വടക്കൻ കേരളത്തിലേക്ക് വലിയതോതിൽ വൈദ്യുതി എത്തിക്കാനാവും. സംസ്ഥാന വൈദ്യുതി ബോർഡിന്റെ പ്രസരണ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള 220 കെ വി മാടക്കത്തറ  അരീക്കോട് ലൈനിന്റെ ശേഷി വർധിപ്പിച്ച് മൾട്ടി സർക്യൂട്ട്, മൾട്ടി വോൾട്ടേജ് 400, 220 കെ വി ലൈനാക്കുകയാണ്. 400 കെ വി ലൈൻ വലിക്കുന്നതിന് മരങ്ങൾ മുറിക്കാതെ, ചുരുങ്ങിയ സ്ഥലം പ്രയോജനപ്പെടുത്തിയാണ് ടവറുകൾ രൂപ കൽപ്പന ചെയ്തത്.

നിലവിലുള്ള 220 കെ വി ലൈനിന്റെ മുകളിലൂടെ 400 കെ വി ലൈൻ വലിച്ചതോടെ പുതിയ ഇടനാഴി തുറക്കേണ്ടിയും വന്നില്ല. നേരത്തെ സിംഗിൾ സർക്യൂട്ട് മാത്രമാണുണ്ടായിരുന്നത്. പുതിയ ലൈനുകൾ വഴി നാല് സർക്യൂട്ട്  വഴി വൈദ്യുതി എത്തിക്കാനാവും.പ്രവൃത്തി  പൂർത്തിയാക്കുമ്പോൾ 400 കെ വി ലൈനിൽ 4000 മെഗാവാട്ടും 220 കെ വി ലൈനിൽ 1000 മെഗാവാട്ടും പ്രവഹിപ്പിക്കാൻ കഴിയും. നേരത്തെ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ലൈൻ വലിക്കാറുള്ളത്. കെഎസ്ഇബി ഏറ്റെടുക്കുന്ന പ്രഥമ 400 കെ വി ലൈനാണിത്. 220 കെവി  കെ വി മാടക്കത്തറ  മലാപറമ്പ് ലൈൻ പൂർണമായും പൊളിച്ചാണ് പുതിയ ലൈൻ വലിച്ചത്. ജൂൺ പകുതിയോടെ ഒന്നാംഘട്ടം ചാർജ് ചെയ്യുമെന്ന് കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പ്രൊജക്ട് നോർത്ത് ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി ബി സിദ്ധാർഥൻ  അറിയിച്ചു.  മണ്ണുത്തിയിൽ  2000 മെഗാവാട്ട് പവർഗ്രിഡ് സ്റ്റേഷൻ  നിർമാണം പുരോഗമിക്കുകയാണ്. ഈ ഗ്രിഡിലേക്ക് കേന്ദ്രവിഹിതമായി 2000 മെഗാവാട്ട് ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top