28 November Saturday

ലീഗിനെ‌ കയറൂരി വിടരുത്‌ ; കോണ്‍​ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020


കോഴിക്കോട്‌
ജമാഅത്തെ ഇസ്ലാമി സഖ്യം‌, സംവരണം തുടങ്ങിയ വിഷയങ്ങളിലെ  മുസ്ലിംലീഗ്‌ നിലപാടുകൾ യുഡിഎഫിനെ ദുർബലപ്പെടുത്തുമെന്ന്‌ കോൺഗ്രസിലെ പ്രമുഖനേതാക്കൾ. ക്രൈസ്‌തവ സഭാ നേതൃത്വം അടിക്കടി യുഡിഎഫിനെതിരെ തിരിയാൻ പ്രധാന കാരണം ലീഗാണെന്ന വികാരവും  ഇവർക്കുണ്ട്‌.

മതരാഷ്ട്ര വാദികളായ ജമാഅത്തെയുമായുള്ള തെരഞ്ഞെടുപ്പ്‌ ധാരണ മറ്റു സമുദായങ്ങളിൽ യുഡിഎഫിന്റെ അടിത്തറ ഇളക്കുമെന്നാണ്‌ നേതാക്കളുടെ ആശങ്ക. വി എം സുധീരൻ, ആര്യാടൻ മുഹമ്മദ്‌,  ബെന്നിബഹനാൻ, വി ഡി സതീശൻ തുടങ്ങി നേതാക്കൾ ലീഗിന്റെ നീക്കങ്ങളിൽ അതൃപ്‌തരാണ്‌.  മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും ലീഗിനെ തിരുത്താൻ ശ്രമിക്കണമെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്‌. 

ജമാഅത്തെ ഇസ്ലാമിയുടെ തീവ്രവാദ ആശയമാണ്‌ ലീഗിന്റെ പല നിലപാടുകളിലും ഇപ്പോഴെന്ന ആശങ്കയും കോൺഗ്രസ്‌  നേതാക്കൾ പങ്കിടുന്നു‌‌. തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയം മുതൽ ലീഗിനോട്‌ ഇടഞ്ഞതാണ്‌ ക്രൈസ്‌തവസഭ.  സഭാ നേതൃത്വവും കെസിബിസിയും  വിമർശിച്ചിട്ടും തിരുത്തിയില്ല. സംവരണ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയെ കൂട്ടി പടപ്പുറപ്പാടിനാണ്‌ ലീഗ്‌.

ജമാഅത്തെ ബന്ധത്തിന്‌ കളമൊരുക്കാൻ കേരള കോൺഗ്രസിനെ  യുഡിഎഫിൽനിന്ന്‌ പുറന്തള്ളി എന്ന ചിന്ത സഭയ്‌ക്കുള്ളിലും ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കളിലും ശക്തമാണ്‌. മാണിവിഭാഗത്തെ പിടിച്ചുനിർത്താൻ  കുഞ്ഞാലിക്കുട്ടി സജീവമായി ഇടപെടാതിരുന്നത്‌ ഉദാഹരണമായും ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായ ഭിന്നതയുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി
മുന്നോക്ക സംവരണ വിഷയത്തിൽ യുഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന്‌ സമ്മതിച്ച്‌  മുസ്ലീംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി.  ലീഗിന്‌ ലീഗിന്റേതായ നിലപാടും കോൺഗ്രസിനും‌ അവരുടെ നിലപാടുമുണ്ട്‌. എന്നാൽ ഇത്‌‌ യുഡിഎഫിനെ ബാധിക്കില്ലെന്ന്‌ അദ്ദേഹം മലപ്പുറത്ത്‌  വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗിന്റെ വർഗീയത പുറത്തായെന്ന ആർച്ച്‌ ബിഷപ്പ് ജോസഫ്‌ പെരുന്തോട്ടം പറഞ്ഞതു സംബ്നധിച്ച ചോദ്യത്തിൽ നിന്ന്‌ കുഞ്ഞാലിക്കുട്ടി  ഒഴിഞ്ഞുമാറി.

ലീഗിന്‌ അവരുടെ നിലപാട്‌: മുല്ലപ്പള്ളി
മുന്നോക്ക സംവരണ വിഷയത്തിൽ മുസ്ലിംലീഗിന്‌ അവരുടെ നിലപാടും കോൺഗ്രസിന്‌ കോൺഗ്രസിന്റെ നിലപാടുമുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ദേശീയ നേതൃത്വത്തിന്റെ നയത്തിനനുസരിച്ചേ സംസ്ഥാനത്തും നിലപാട്‌ സ്വീകരിക്കാനാകു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top