02 December Friday

ഫിഷറീസ് അനിമൽ സയൻസ്‌ ; സിഎംഎഫ്ആർഐ രാജ്യത്ത്‌ ഒന്നാമത്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


കൊച്ചി
ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) റാങ്കിങ്ങിൽ ഫിഷറീസ്- അനിമൽ സയൻസ് വിഭാഗത്തിൽ സിഎംഎഫ്ആർഐ രാജ്യത്ത് ഒന്നാമതെത്തി. 2019 മുതൽ 2021 വരെ കാലയളവിലെ മികവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിലാണ് സിഎംഎഫ്ആർഐ മുന്നിലെത്തിയത്. കൂടാതെ, ഐസിഎആറിനുകീഴിൽ ആറ് വിഭാഗങ്ങളിലായുള്ള 93 ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് സിഎംഎഫ്ആർഐ. കേരളത്തിൽ ആസ്ഥാനമുള്ള അഞ്ച് ഐസിഎആർ സ്ഥാപനങ്ങളിൽ ഒന്നാമതെത്തിയതും സിഎംഎഫ്ആർഐയാണ്. 

രാജ്യത്തെ സമുദ്രമത്സ്യമേഖലയുടെ വികസനത്തിന്‌ കൂട്ടായ്മയോടെ നടത്തിയ ഗവേഷണപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന്‌ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു. സമുദ്രമത്സ്യമേഖലയിലെ ഗവേഷണപ്രവർത്തനങ്ങൾ, കൂടുകൃഷി, കടൽപ്പായൽ കൃഷി, മീനുകളുടെ വിത്തുൽപ്പാദന സാങ്കേതികവിദ്യകളുടെ വികസനം, കടലിൽനിന്നുള്ള ഔഷധോൽപ്പന്ന നിർമാണം, മത്സ്യമേഖലയിലെ നയരൂപീകരണ പഠനങ്ങൾ, സാമൂഹിക-സാമ്പത്തിക പഠനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പട്ടികയിൽ മുന്നിലെത്താൻ സിഎംഎഫ്ആർഐക്ക് സഹായകമായത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐക്ക് കേരളത്തിൽ കോഴിക്കോട്, വിഴിഞ്ഞം ഉൾപ്പെടെ, ഗുജറാത്തിലെ വെരാവൽ, മുംബൈ, കാർവാർ, മംഗലാപുരം, ചെന്നൈ, തൂത്തുക്കുടി, മണ്ഡപം, വിശാഖപട്ടണം, പശ്ചിമബംഗാളിലെ ദിഘ എന്നിവിടങ്ങളിൽ ഗവേഷണ കേന്ദ്രങ്ങളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top