20 October Tuesday

മടങ്ങണമെന്ന്‌ മുരളിയും ബെന്നിയും ; നടക്കില്ലെന്ന്‌ മുല്ലപ്പള്ളി

പ്രത്യേക ലേഖകൻUpdated: Wednesday Sep 30, 2020


കെപിസിസി നേതൃത്വത്തിനെതിരെ രംഗത്ത്‌ വന്ന എംപിമാരടക്കമുള്ളവർക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിന്‌‌ പരാതി നൽകി.  ബെന്നി ബഹനാൻ, കെ മുരളീധരൻ,  കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്‌ എന്നിവർ ഡൽഹി വിട്ട്‌  കേരളത്തിലേക്ക്‌ വരാനുള്ള  മോഹവുമായി ഇറങ്ങിയിരിക്കുകയാണെന്നും ഇത്‌ അംഗീകരിക്കരുതെന്നും  മുല്ലപ്പള്ളി പരാതിയിൽ ആവശ്യപ്പെട്ടു.

ചുമതലകൾ രാജിവച്ച്‌ കലാപത്തിന്‌ ഇറങ്ങിയവരെ  ഒറ്റപ്പെടുത്താൻ മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ധാരണയിലെത്തിയതിന്‌ പിന്നാലെയാണ് പരാതി അയച്ചത്‌.  ഇവർ കേരളത്തിലേക്ക്‌ വരാൻ ആസൂത്രിത നീക്കമാണ്‌ നടത്തുന്നതെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു.


 

കെ മുരളീധരൻ, അടൂർ പ്രകാശ്‌,  കെ സുധാകരൻ എന്നിവർ നിയമസഭയിൽ മത്സരിക്കാൻ നേരത്തെ നീക്കം തുടങ്ങിയിരുന്നു. യുഡിഎഫ്‌ കൺവീനർ സ്ഥാനം രാജിവച്ച ബെന്നി ബഹനാനും കൊടിക്കുന്നിൽ സുരേഷും നിയമസഭാ സ്ഥാനാർഥി മോഹികളാണ്‌. ഇതിനുപിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ കർശന നിലപാടുമായി രംഗത്ത്‌ വന്നത്‌ തമ്മിലടി രൂക്ഷമാക്കി.

എംപിമാരെ ഒരു കാരണവശാലും നിയമസഭയിലേക്ക്‌ മത്സരിപ്പിക്കില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ രമേശ്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പിന്തുണച്ചു. കെപിസിസി സെക്രട്ടറിമാർ ചുമതലയേറ്റ ചടങ്ങിലാണ്‌ നേതൃത്വത്തിനെതിരെ നിലപാട്‌ എടുത്തവരെ തള്ളി ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിച്ചത്‌. 

അതേസമയം, പാർടിയിൽ വിചാരിച്ചപോലെ കാര്യങ്ങൾ മുന്നോട്ടുപോയില്ലെന്ന കുറ്റസമ്മതവും മുല്ലപ്പള്ളി നടത്തി. പുനഃസംഘടനയിൽ എല്ലാവരെയും തൃപ്‌തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top