26 October Monday

വ്യവസായികൾക്ക്‌ വരാം; പുതിയ സേവനമൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


തിരുവനന്തപുരം
വ്യവസായ വികസനത്തിന്‌ കുതിപ്പേകുന്നതിനും സംസ്ഥാനത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുമുള്ള പുതിയ നാലിന സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സംരംഭകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ടോൾ ഫ്രീ നമ്പർ,  ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെൽ, വ്യവസായ സംബന്ധമായ അറിയിപ്പുകൾ നൽകാനുള്ള പ്രതിമാസ ഇ- ന്യൂസ് ലെറ്റർ ‘ഇൻവെസ്റ്റ് കണക്ട്‌' എന്നിവയാണ്‌ പുതുതായി സജ്ജമാക്കിയ സംവിധാനങ്ങൾ. ഒപ്പം ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പുതിയ പതിപ്പ്‌ മുഖ്യമന്ത്രി  പുറത്തിറക്കി.

നിക്ഷേപം തുടങ്ങാനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാനാണ് നിലവിൽ കെ സ്വിഫ്റ്റ് സംവിധാനം ഉപയോഗിക്കുന്നത്. പുതിയ പതിപ്പായ കെസ്വിഫ്റ്റ് 2.0 വഴി ലൈസൻസുകളും അനുമതികളും പുതുക്കാനുമാകും. എന്റർപ്രണർ സപ്പോർട്ട് സ്‌കീം വഴിയുള്ള ഇൻസെന്റീവ് ലഭിക്കാൻ ഓൺലൈൻ സംവിധാനം, പ്രൊഫഷണൽ ടാക്‌സ് അടയ്‌ക്കാനുള്ള സംവിധാനം എന്നിവയും കെ സ്വിഫ്റ്റിന്റെ ഭാഗമാകും.

സംരംഭക അനുമതിക്കുള്ള അപേക്ഷകൾ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാനാണ് ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെൽ. കോൾ സെന്റർവഴി പരിഹരിക്കപ്പെടാത്ത സംശയങ്ങൾക്ക് നിവാരണം ഉണ്ടാക്കാനും സെൽ സഹായിക്കും. പുതിയ വ്യവസായ സംരംഭങ്ങൾ, നയപരമായ തീരുമാനങ്ങൾ, സർക്കാരിന്റെ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻവെസ്റ്റ് കണക്ട് ന്യൂസ് ലെറ്ററിലൂടെ അറിയിക്കും. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനായി. വ്യവസായ പ്രിൻസിപ്പൻ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ്‌ ഡയറക്ടർ എം ജി രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ- ബിപ്‌ സിഇഒ എസ്‌ സൂരജ്, കെഎസ്എസ്ഐഎ പ്രസിഡന്റ് എം ഖാലിദ് എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top