13 November Wednesday

പാലാ അഞ്ചു മണ്ഡലത്തിലും പ്രതിഫലിക്കും: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2019


തിരുവനന്തപുരം
പാലായിലെ ജനവിധി കേരളരാഷ്‌ട്രീയത്തിന്റെ ചൂണ്ടുപലകയാണെന്നും മറ്റ്‌ അഞ്ച്‌ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇത്‌ പ്രതിഫലിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. വട്ടിയൂർക്കാവിലെ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനക്ഷേമഭരണം കാഴചവയ്‌ക്കുന്ന സർക്കാരിനൊപ്പം നിൽക്കുന്ന എംഎൽഎ വരണമെന്നാണ്‌ ജനം ആഗ്രഹിക്കുന്നത്‌. പ്രതിപക്ഷത്തേക്ക്‌ ഒരാളെ തെരഞ്ഞെടുത്താൽ നിയമസഭയിൽ വാക്കൗട്ട്‌ നടത്താമെന്നല്ലാതെ മറ്റ്‌ പ്രയോജനമില്ലെന്നും കോടിയേരി പറഞ്ഞു.

പാലായിലെ ജനവിധി കൂടുതൽ ആർജവത്തോടെ ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള അംഗീകാരമാണ്‌. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്‌ദാനങ്ങളിൽ ബഹുഭൂരിപക്ഷവും പാലിച്ച സർക്കാരാണിത്‌.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയൽനിന്ന്‌ സഹായം കാത്ത്‌ ഇപ്പോൾ ആർക്കും ക്യൂ നിൽക്കേണ്ടതില്ല. ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ കോൺഗ്രസ്‌ മിണ്ടാതിരുന്നു. എന്നാൽ, മാതൃഭാഷയ്‌ക്കുവേണ്ടി ശക്തമായ നിലപാടെടുത്ത്‌ എൽഡിഎഫ്‌ പ്രതിബദ്ധതകാട്ടി.  ദേവസ്വം നിയമനങ്ങളിൽ പിന്നോക്ക വിഭാഗങ്ങൾക്കും  മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പത്ത്‌ ശതമാനം സംവരണം ഏർപ്പെടുത്തി. സർക്കാർ നിയമനങ്ങളിലും നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. 

 

രാജ്യത്ത്‌ തെരഞ്ഞെടുപ്പും ഭാഷയും മതവും നേതാവുമെല്ലാം ഒന്നുമതിയെന്നാണ്‌ ബിജെപി പറയുന്നത്‌. ഇതിനെതിരെ ബദൽ പ്രത്യയശാസ്‌ത്രം ഉയർത്തുന്ന ഇടതുപക്ഷം  രാജ്യത്തിന്‌ മാതൃകയാണ്‌. നിലപാടില്ലാത്ത കോൺഗ്രസ്‌ നേതൃത്വം ബിജെപിക്കുമുന്നിൽ മുട്ടുവിറച്ചുനിന്ന്‌ ഒടുവിൽ കീഴടങ്ങുകയാണ്‌. പണംകൊടുത്തും സിബിഐയെയും എൻഫോഴ്‌സ്‌മെന്റിനെയും കാട്ടി ഭീഷണിപ്പെടുത്തിയും കോൺഗ്രസ്‌ നേതാക്കളെ ബിജെപി വാങ്ങുന്നു. ഇവിടെയാണ്‌ അടിയുറച്ച ഇടതുപക്ഷ നിലപാട്‌ ശ്രദ്ധേയമാകുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന്‌ തീർത്തും വ്യത്യസ്‌ത സാഹചര്യമാണിപ്പോഴെന്ന്‌ കോടിയേരി പറഞ്ഞു. പാർലമെന്റിൽ വലിയ ഒറ്റക്കക്ഷിയാകുമെന്ന പ്രതീക്ഷയിലാണ്‌ ജനങ്ങളിൽ ഒരുവിഭാഗം കോൺഗ്രസിന്‌ വോട്ടുചെയ്‌തത്‌. പാർലമെന്റിൽ ഒരു വിഷയത്തിലും കൂട്ടായ നിലപാട്‌ സ്വീകരിച്ച്‌ ബിജെപിയെ ചെറുക്കാൻ അവർക്ക്‌ കഴിയുന്നില്ല. ബിജെപിക്ക്‌ ബദൽ കോൺഗ്രസ്‌ അല്ലെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യമായിരിക്കുന്നു. അതാണ്‌ ഉപതെരഞ്ഞെടുപ്പിൽ ദൃശ്യമാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top