Deshabhimani

ഏലൂരിൽ കോൺഗ്രസ് കൗൺസിലർമാർ പൂച്ചെടികൾ പിഴുതെറിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 02:08 AM | 0 min read


കളമശേരി
ഏലൂരിൽ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വച്ചുപിടിപ്പിച്ച പൂച്ചെടികൾ പ്രതിഷേധത്തിന്റെ പേരിൽ പിഴുതെറിഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ. കോൺഗ്രസ് പാർലമെന്ററി പാർടി നേതാവ് പി എം അയൂബിന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള കൗൺസിലർമാർ പൂച്ചെടികൾ പിഴുതെറിഞ്ഞത്.
ശുചീകരണം, മാലിന്യസംസ്കരണം എന്നിവയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ നഗരസഭയ്ക്ക് ലഭിച്ച ഗ്രാന്റ് ഉപയോഗിച്ച് വിവിധ പദ്ധതികളിലൂടെ നഗരസൗന്ദര്യവൽക്കരണം നടത്തിവരികയാണ്. മാലിന്യം വലിച്ചെറിയാൻ സാധ്യതയുള്ളയിടങ്ങളൊക്കെ ശുചീകരിച്ച് സ്കൂൾവിദ്യാർഥികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചാണ് ജനകീയ പൂന്തോട്ടനിർമാണം നടത്തിയത്. ടയർപോലുള്ള പാഴ്വസ്തുക്കൾ ഇതിനായി ഉപയോഗിച്ചിരുന്നു.

ഈ പ്രവൃത്തികളിൽ അസ്വസ്ഥരായതിനെ തുടർന്നാണ് സാമൂഹ്യവിരുദ്ധമനസ്സുള്ള ചില കോൺഗ്രസുകാർ നേരത്തേതന്നെ ആസൂത്രണംചെയ്ത് ചെടിനശീകരണം നടത്തിയത്. വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ചെടിപരിപാലനത്തിന് ജീവനക്കാർ നിൽക്കുന്നതിനാൽ വാർഡിൽ ശുചീകരണം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നഗരസഭയ്ക്കുമുന്നിൽ നട്ടുപിടിപ്പിച്ച പൂച്ചട്ടികൾ നശിപ്പിച്ചത്.

സൗന്ദര്യവൽക്കരണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾമുതൽ കോൺഗ്രസിന്റെ കൗൺസിലർമാർ പദ്ധതി തകർക്കാൻ ശ്രമം നടത്തിയിരുന്നതായി ചെയർമാൻ എ ഡി സുജിൽ പറഞ്ഞു. ഏലൂർ നഗരസഭ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളിൽ വിറളിപൂണ്ടാണ് ഇത്തരം വിധ്വംസകപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെയർമാൻ പറഞ്ഞു. വൈകിട്ട്‌ എൽഡിഎഫ് കൗൺസിലർമാർ ചെയർമാന്റെ നേതൃത്വത്തിൽ വീണ്ടും പൂച്ചെടികൾ നട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home