22 October Tuesday

സിപിഐ എം വിശ്വാസികൾക്കൊപ്പം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


ശബരിമലവിഷയത്തിൽ നേരത്തെ എടുത്ത നിലപാടിൽത്തന്നെയാണ് സംസ്ഥാന സർക്കാർ ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സുപ്രീംകോടതി ഒരു വിധി പറഞ്ഞു, അത് നടപ്പാക്കാൻ സർക്കാർ തയ്യാറായി. സുപ്രീംകോടതി മാറ്റിപ്പറഞ്ഞാൽ അതും അനുസരിക്കും. ഇത് നേരത്തെ വ്യക്തമാക്കിയതാണ്.

എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പം നിന്ന പാർടിയാണ് സിപിഐ എം. പാർടിവേദികളിൽത്തന്നെ അത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലവിഷയം വിശദീകരിക്കാനായി അന്ന്‌ വിവിധ റാലികളിൽ താൻ  സംസാരിച്ചതെന്താണെന്ന് നോക്കിയാൽ കാര്യം മനസ്സിലാകുമെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘ചിലർ വിശ്വാസികളുടെ അവകാശികളാണെന്നു പറഞ്ഞ് നിൽക്കുന്നുണ്ടല്ലോ. ഞങ്ങൾ വിശ്വാസികൾക്കെതിരാണെന്ന് അവർ തെരഞ്ഞെടുപ്പിൽ പ്രചരിപ്പിക്കാൻ നോക്കി. അതിനെ നേരിടുന്നതിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമെന്തെന്ന പ്രചാരണത്തിലേക്ക് തെരഞ്ഞെടുപ്പിൽ ഞങ്ങൾ പോയില്ല. അതാണ് സ്വയംവിമർശനപരമായി കണ്ടത്. സ്വയംവിമർശനം നടത്തിയപ്പോൾ, ഞങ്ങളെന്തോ വലിയ പാതകം ചെയ്തുവെന്നും തെറ്റ് സമ്മതിച്ചുവെന്നും ചിലർ ധരിച്ചു. അങ്ങനെയൊന്നുമുണ്ടായിട്ടില്ല’–- മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല പ്രചാരണത്തിന്റെ കാലമൊക്കെ കഴിഞ്ഞു. നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഏർപ്പെടുത്തുമെന്നുമൊക്കെ പറഞ്ഞവരുണ്ടല്ലോ. കേന്ദ്രസർക്കാരിന്റെ വക്താക്കളായവരും കേന്ദ്രമന്ത്രിമാരുമെല്ലാം ഇപ്പോൾ പരസ്യമായി പറയുന്നത് നിയമം കൊണ്ടുവരാനാകില്ല എന്നല്ലേ. അത്‌ അവരെ വിശ്വസിച്ചയാളുകളെ വഞ്ചിക്കലല്ലേ. രാജ്യത്തെ ഭരണഘടനയനുസരിച്ചേ എല്ലാവർക്കും പ്രവർത്തിക്കാനാകൂ. ഭരണഘടനതന്നെ പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമെങ്കിലും ഭരണഘടന ഇപ്പോഴും നിലനിൽക്കുന്നുണ്ടല്ലോ. അപ്പോൾ അതിനനുസരിച്ചേ നിലപാടെടുക്കാനാകൂ. 

വനിതാമതിൽ ലോകം ശ്രദ്ധിച്ച വനിതാമുന്നേറ്റമായിരുന്നു. അതിനെതിരായ ഈർഷ്യ മനസ്സിൽ വച്ചവർ തുടക്കത്തിലേ ഉണ്ടായിരുന്നു. അതിന് തൊട്ടുപിന്നാലെ രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ,  ദുഷ്പ്രചാരണം നടത്തുന്നവർക്ക് അതുപയോഗിക്കാനായി. ഒരു വിഭാഗം മാധ്യമങ്ങളും അതിന് സഹായിച്ചു. നവോത്ഥാനം വിശ്വാസത്തിനെതിരല്ല . അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായിരുന്നു അത്–- മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top