22 October Tuesday
ശനിയാഴ്‌ച യുഡിഎഫ്‌ സംസ്ഥാന നേതൃയോഗം

ചർച്ചയില്ല: ജോസ്‌ കെ മാണി ; ചിലർക്ക്‌ ദുരഭിമാനം: ജോയി എബ്രഹാം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


കേരള കോൺഗ്രസ്‌ എമ്മിലെ തർക്കം മൂർച്ഛിപ്പിച്ച്‌ നേതാക്കളുടെ പോർവിളി. സ്ഥാനാർഥി നിർണയം സംബന്ധിച്ച്‌ പി ജെ ജോസഫുമായി ചർച്ചക്കില്ലെന്ന്‌ ജോസ്‌ കെ മാണി വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു. വിജയസാധ്യത മാത്രമാണ്‌ പ്രധാനം. അത്‌ കണക്കിലെടുത്ത്‌ സ്ഥാനാർഥിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. താൻ മത്സരിക്കുമോയെന്ന്‌ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യം തള്ളാനും അദ്ദേഹം തയ്യാറായില്ല.  

എന്നാൽ ആരുടെയും ഹിഡൻ അജൻഡ നടപ്പാക്കാതിരിക്കാനാണ്‌ യുഡിഎഫ്‌ ഇടപെടേണ്ടതെന്ന്‌ മുൻ എംപി കൂടിയായ ജോസഫ്‌പക്ഷത്തെ ജോയി എബ്രഹാം സ്വകാര്യ ചാനലിനോട്‌ പ്രതികരിച്ചു.

വോട്ടർമാരുടെ വികാരം കണക്കിലെടുത്ത്‌ പൊതുസമ്മതനായ സ്ഥാനാർഥി വരണം. കെ എം മാണി ആരെയും ശത്രുവായി കണ്ടില്ല. ചിലരുടെ ദുരഭിമാനപ്രശ്‌നമാണ്‌ കേരള കോൺഗ്രസിൽ ഇപ്പോഴുള്ളതെന്നും അദ്ദേഹം  പറഞ്ഞു. ഇരുവിഭാഗവും പോർവിളി തുടരുന്നതിനിടെ ശനിയാഴ്‌ച യുഡിഎഫ്‌ സംസ്ഥാന നേതൃയോഗം കോട്ടയത്ത്‌ ചേരും.

ജഡ്‌ജി സ്‌ഥലം മാറി ; ജോസഫ് വിഭാഗം നേടിയ സ്‌റ്റേ തുടർന്നേക്കും
ജോസ്‌ കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ പി ജെ ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ്‌ കോടതിയിൽനിന്ന്‌ നേടിയ സ്റ്റേ ഇനിയും തുടർന്നേക്കും. മുൻസിഫ്‌ കോടതിയിലെ സ്‌റ്റേ നീക്കാൻ ജോസ് കെ മാണി എംപി നൽകിയ അപ്പീലിൽ വിധിപറയുമുമ്പെ ജഡ്‌ജി സ്‌ഥലം മാറിപ്പോയി. വെള്ളിയാഴ്ച വിധിപറയാനിരിക്കെ, വാദം കേട്ട കട്ടപ്പനസബ് ജഡ്ജ്‌ ഡോണി തോമസ് വർഗീസ്‌ വ്യാഴാഴ്‌ചയാണ്‌ സ്ഥലം മാറിപോയത്‌.

കഴിഞ്ഞ ശനിയാഴ്ച കട്ടപ്പന സബ് കോടതിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന്‌ വിധി പറയുന്നത്‌ 30ലേക്ക്‌ മാറ്റി. എന്നാൽ പുതിയ ജഡ്‌ജിയാണ്‌ ഇനി കേസ്‌ പരിഗണിക്കേണ്ടത്‌. പുതിയ സബ്‌കോടതി ജഡ്‌ജിയായി എസ്‌ സൂരജിനെ നിയമിച്ചെങ്കിലും സെപ്‌തംബർ നാലിനെ ചുമതലയേൽക്കൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top