24 October Thursday

ലൈഫ്‌ മിഷനിൽ ‘നിർമിത വീടുകൾ ; ആവാസവ്യവസ്ഥ പഠിക്കാൻ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019


തിരുവനന്തപുരം
പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിടനിർമാണത്തിന്‌ സംസ്ഥാനം പുതിയ മാർഗങ്ങൾ സ്വീകരിക്കും. പ്രകൃതിചൂഷണം കുറയ്‌ക്കുന്ന നിർമിത (പ്രീ–- ഫാബ്രിക്കേഷൻ) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നതിന്‌ മന്ത്രിസഭായോഗം തീരുമാനിച്ചു. ലൈഫ്‌ മിഷനിൽ ഉൾപ്പെടെ ഭവനസമുച്ചയങ്ങളെ  ഈ രീതിയിലേക്ക്‌ മാറ്റുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതെങ്കിലും കേരളീയർക്ക്‌ വലിയ പരിചിതമല്ലാത്തതാണിത്‌.  തുടക്കത്തിൽ സ്വീകാര്യതക്കുറവ്‌ ഉണ്ടാകാം. നിലവിലുള്ള രീതിയിൽ വീട്‌ നിർമാണത്തിന്‌ അസംസ്കൃത വസ്തുക്കൾ എങ്ങനെ കിട്ടും എന്നതാണ് പ്രശ്‌നം. നിർമിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്‌ സംസ്ഥാനതല ഉന്നതാധികാര സമിതി തീരുമാനം എടുത്തിട്ടുണ്ട്‌. ചെന്നൈ ഐഐടി ഇത്തരം നിർമാണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്‌.  ഓർഡർ നൽകിയാൽ വീടുകൾ ഫാക്ടറിയിൽ നിർമിച്ച് നമ്മുടെ സ്ഥലത്ത്‌  സ്ഥാപിക്കുന്ന ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്–- മുഖ്യമന്ത്രി പറഞ്ഞു.

ആവാസവ്യവസ്ഥ പഠിക്കാൻ കമ്മിറ്റി
തിരുവനന്തപുരം
സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദുരന്തബാധിത,  ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ പ്രദേശങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജലവിഭവ എൻജിനിയറിങ്‌ വിദഗ്ധൻകൂടിയായ ശാസ്ത്ര സാങ്കേതിക കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ പ്രൊഫ. കെ പി സുധീർ കൺവീനറായ സമിതിയാണ്‌ പഠനം നടത്തുക.

ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യൻ കാലാവസ്ഥാവകുപ്പിൽ സീനിയർ തസ്തികയിൽ ഉണ്ടായിരുന്നവർ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവരും വിദഗ്‌ധസമിതിയിൽ അംഗമാണ്‌. മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രകൃതിലോല പ്രദേശങ്ങളിലും മറ്റിടങ്ങളിലും ആവാസവ്യവസ്ഥ എങ്ങനെയാകണമെന്ന പരിശോധനയാണ്‌ സമിതി നടത്തുക.  ശാസ്ത്രീയ അപഗ്രഥനം കൂടാതെ ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ചും പഠനം നടത്തും. തീവ്ര മണ്ണിടിച്ചിൽ–-പ്രളയദുരന്ത  സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന രീതിയും സൂചകങ്ങളും പരിശോധിക്കുക,  ദുരന്തങ്ങളും  അനന്തരഫലവും കുറയ്‌ക്കാനുള്ള പരിഹാര നടപടി, ഭൂവിനിയോഗം, ദുരന്താഘാതശേഷി എന്നിവ സംബന്ധിച്ച നിർദേശം  വയ്‌ക്കുക എന്നിവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങൾ. ആവശ്യമെങ്കിൽ ദേശീയ, അന്തർദേശീയ വിദഗ്‌ധരുമായി ആശയവിനിമയം നടത്തും.


പ്രധാന വാർത്തകൾ
 Top