20 October Sunday

പതിമൂന്നുകാരിയെ കൊന്ന കേസ്‌: ഒന്നാംപ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കൊച്ചി
വീട്ടുജോലിക്കുനിന്ന പതിമൂന്നുകാരിയെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട കേസിലെ ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി. കാസർകോട് മുളിയാർ മാസ്തിക്കുണ്ടിലെ കെ സി ഹംസയുടെ (52) ശിക്ഷയാണ് ജസ്റ്റിസുമാരായ എ എം ഷെഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് ഇളവുചെയ്തത്. മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്‌ക്ക് കീഴ്‌ക്കോടതി വിധിച്ച ആറുവർഷം തടവും നാലാംപ്രതിയും ഹംസയുടെ സഹകരാറുകാരനും ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നിലിലെ എം അബ്ദുല്ലയ്‌ക്ക് വിധിച്ച മൂന്നുവർഷം കഠിനതടവും ഹൈക്കോടതി റദ്ദാക്കി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ഹംസക്കെതിരെ തെളിയിക്കാനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകത്തിൽ മൈമൂനയ്‌ക്ക് നേരിട്ടു പങ്കില്ല. മൃതദേഹം നശിപ്പിക്കാൻ കൂട്ടുനിന്നതിന് അബ്ദുല്ലക്കെതിരെ തെളിവില്ല. കേസ് അപൂർവങ്ങളിൽ അപൂർവമല്ല. കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ്‌ വിധി.

വീട്ടുജോലിക്കായി 2006ലാണ് കുട്ടിയെ ഹംസയുടെ വീട്ടിൽ എത്തിച്ചത്. കുട്ടിയെ ഹംസ ഗോവയിലെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. 2006 ഡിസംബർ 15ന് കൊന്ന് കഷണങ്ങളാക്കി പ്ലാസ്റ്റിക് ചാക്കിലാക്കി ഡാംസൈറ്റിൽ കുഴിച്ചിട്ടെന്നാണ് കേസ്. ഒന്നര വർഷത്തിനുശേഷമാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ കാസർകോട്ടെ വീട്ടിൽനിന്നു കാണാതായി എന്ന്‌ ഹംസ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. 2008 ജൂലൈ ഒന്നിന് ഹംസയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കുട്ടിക്ക് പൊള്ളലേറ്റപ്പോൾ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു മൊഴി. ബാലവേല ഇല്ലാതാക്കാൻ സർക്കാരിനു മാത്രമല്ല, പൗരന്മാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. വീട്ടുജോലികൾക്ക് കുട്ടികളെ വിടുന്ന രക്ഷിതാക്കൾ, ജോലിക്കുനൽകുന്ന ഏജന്റുമാർ, ഇത്തരക്കാരുടെ സേവനം ഉപയോഗിക്കുന്നവർ തുടങ്ങി എല്ലാവരെയും ബോധവൽക്കരിക്കണമെന്നും കോടതി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top