19 May Sunday

മാവടി കാലാക്കാട് മേഖലയില്‍ ഭൂമി ഇടിഞ്ഞുതാഴുന്നു; ജനം ഭീതിയില്‍

എം എ സിറാജുദ്ദീന്‍Updated: Thursday Aug 30, 2018



നെടുങ്കണ്ടം
ശക്തമായ കാലവർഷത്തേത്തുടർന്ന്  ഹൈറേഞ്ചിൽ മാവടി കാലാക്കാട്, കൈലാസം ചാക്കോസിറ്റി, ബഥേൽ നാലു തൂണു മേഖലകളിൽ ഭൂമി  ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുകയാണ്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ അപകടഭീതിയിലാണ്.

കാലാക്കാട് ഭാ​ഗത്ത് രണ്ടാഴ്ചമുമ്പ‌്ചെറിയ തോതിൽ  ഭൂമിയിൽ കാണപ്പെട്ട വിള്ളൽ ഒാരോ ദിവസവും കൂടുതൽ ഇടിഞ്ഞുതാണു കൊണ്ടിരിക്കുകയാണ്. ഇവിടെ മേഘാ പ്ലാൻേറഷൻ വക ഏലത്തോട്ടത്തിൽ ഇരുപതടിയിലേറെ ഭൂമി ഇടിഞ്ഞുതാണു. ഇവിടെ  ഏക്കർകണക്കിന്  ഭൂമിയാണ് ഇടിഞ്ഞ് താണത്. ഇവിടെത്തന്നെ കോൺക്രീറ്റ് റോഡും അഞ്ച് അടിയിലേറെ ഇടിഞ്ഞു താണിട്ടുണ്ട്. റോഡ് ഇടിഞ്ഞ് താഴുന്നത് വ്യാപിക്കുന്നതിനാൽ ഇതിലേയുള്ള കാൽനടയാത്രപോലും അസാധ്യമായി. ഏലത്തോട്ടത്തിലെ വൻ മരങ്ങളും ഭൂമിയിൽ വിള്ളലുണ്ടായതിനേത്തുടർന്ന് കടപുഴകിവീണിട്ടുണ്ട്. നിരവധി വീടുകളും  ഏക്കർ കണക്കിന് കൃഷിഭൂമിയും ഇടിഞ്ഞു താണു.  ഇതിനടുത്ത് പള്ളിസിറ്റിയിൽ രണ്ടാഴ്ചമുമ്പ‌്ഇരുനില വീട് ഇടിഞ്ഞു താണിരുന്നു.  പ്രദേശത്ത് നൂറിലേറെ  കുടുംബങ്ങൾ ഭീതിയിലാണ്. വീട് തകർന്നതിനേത്തുടർന്ന് പലരും ഇവിടെനിന്ന് ഒഴിഞ്ഞുപോയി. കൈലാസം ചാക്കോസിറ്റിയിലും പരിസര പ്രദേശങ്ങളിലും ഏക്കർ കണക്കിന് കൃഷി ഭൂമിയും, റോഡും, വീടും ഇടിഞ്ഞുതാണു. പൂയപ്പള്ളി രാജന്റെയും പരിസരവാസികളുടെയും കൃഷിഭൂമിയാണ് ഇടിഞ്ഞുതാണത്.

       ബഥേൽ നാലുതൂണ് മേഖലയിൽ മൂന്നുകിലോമീറ്ററോളം ദൂരത്തിൽ അഞ്ചടി വീതിയിലും 15 അടി താഴ്ചയിലും ഭൂമി ഇടിഞ്ഞുതാണതുമൂലം അപകട സാധ്യത കണക്കിലെടുത്ത് മുപ്പതോളം കുടുംബങ്ങളെ   ഇവിടെനിന്ന് മാറ്റി പാർപ്പിച്ചിരുന്നു. മഴ ശമിച്ചശേഷമാണ് ഇവർ വീടുകളിലേക്ക് മടങ്ങിയത്. മേഖലയിൽ ഇരുപതു കിലോമീറ്ററോളം ചുറ്റളവിൽ ഭൂമി ഇടിഞ്ഞുതാഴുകയും, വിണ്ടുകീറുകയും ചെയ്യുന്ന പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top