03 November Sunday
45 ദുരിതാശ്വാസ ക്യാമ്പുകളിൽ 3069 പേർ , താൽക്കാലിക ആശുപത്രികൾ സജ്ജം , പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ

ഉള്ളുപൊട്ടി ; 135 മരണം, കേരളം കണ്ട അതീവ ദാരുണ ദുരന്തം

വി ജെ വർഗീസ്‌Updated: Wednesday Jul 31, 2024


ചൂരൽമല (കൽപ്പറ്റ)
കേരളത്തെ നടുക്കി വയനാട്‌ മേപ്പാടിക്കടുത്ത്‌ മുണ്ടക്കൈയിൽ ചൊവ്വ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 135 പേർ മരിച്ചു. നിരവധിപേരെ കാണാതായതിനാൽ മരണസംഖ്യ വൻതോതിൽ ഉയർന്നേക്കും.  നൂറിലേറെപേർ ഗുരുതര പരിക്കേറ്റ്‌ ചികിത്സയിലാണ്‌. വയനാട്‌–-മലപ്പുറം അതിർത്തി പ്രദേശമായ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത്‌ തിങ്കൾ അർധരാത്രിക്കുശേഷം പന്ത്രണ്ടരയോടെയാണ്‌ ദുരന്തത്തിന്റെ തുടക്കം. തുടർന്ന്‌ ചൊവ്വ പുലർച്ചെ 4.30ന്‌ വീണ്ടും ഉരുൾപൊട്ടി.  ഇതിൽ മുണ്ടക്കൈയും ചൂരൽമല ടൗണും നൂറുകണക്കിന്‌ വീടുകളും ഒലിച്ചുപോയി.

മരിച്ചവരിൽ 46 പേരെ തിരിച്ചറിഞ്ഞു. ചൂരൽമലയിൽനിന്ന്‌ ചാലിയാറിൽ ഒഴുകിയെത്തിയ 32 മൃതദേഹങ്ങൾ നിലമ്പൂരിൽനിന്നും മറ്റുമായി കണ്ടെടുത്തു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക്‌ കൈമാറി. ദുരന്തബാധിതർ അഭയം തേടിയ ട്രിവാലി റിസോർട്ടിൽ നിന്ന് മൂന്ന്  മൃതദേഹങ്ങൾ കണ്ടെടുത്തു. റിസോർട്ടിൽനിന്ന് മുഴുവ ൻ ആളുകളെയും ഒഴിപ്പിച്ചു. മൃതദേഹങ്ങൾ മേപ്പാടി കുടുംബ ആരോഗ്യകേന്ദ്രത്തിലും വിംസ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലുമാണുള്ളത്‌. മുണ്ടക്കൈയിലും ചൂരൽമലയിലും അനേകംപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു.

രക്ഷാപ്രവർത്തനത്തിന്‌ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ഹെലികോപ്‌ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമെത്തി. സന്നദ്ധ പ്രവർത്തകരും സജീവം. അഞ്ച്‌ മന്ത്രിമാർ ഉൾപ്പെടുന്ന സംഘം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്‌.  മുണ്ടക്കൈയിൽനിന്ന്‌ രണ്ട്‌ കിലോമീറ്റർതാഴെ ചൂരൽമല ടൗണിലേക്ക്‌ പുലർച്ചെ ഒന്നിന്‌ മലവെള്ളത്തിൽ കൂറ്റൻ പാറകളും വൻമരങ്ങളും ചെളിയും ഉൾപ്പെടെ ഇരച്ചെത്തിയതോടെയാണ്‌ ദുരന്തം പുറംലോകമറിഞ്ഞത്‌. ചൂരൽമലപുഴ ഗതിമാറി ടൗണിനെ നെടുകെ പിളർത്തി ഒഴുകി. വൈദ്യുതി ബന്ധമറ്റ്‌ നാട്‌ ഇരുട്ടിലായി. ടൗണിൽ വൻമരങ്ങളും കല്ലും മണ്ണും അടിഞ്ഞു.

● ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നു
● ആഗസ്‌ത് രണ്ടുവരെ പിഎസ്‌സി നടത്താൻ നിശ്ചയിച്ച പരീക്ഷകൾ മാറ്റി
● അവധിയിലുളള ആരോഗ്യപ്രവർത്തകരോട്‌ തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം

ചൂരൽമല–-മുണ്ടക്കൈ റോഡിലെ പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക്‌ ചൊവ്വ ഉച്ചവരെ ദുരന്തഭൂമിയിലെത്താനായില്ല.  തിങ്കൾ പുലർച്ചെ രണ്ടോടെതന്നെ അഗ്നിരക്ഷാസേനയും പൊലീസും എൻഡിആർഎഫും ചൂരൽമലയിൽ രക്ഷാപ്രവർത്തനം തുടങ്ങി. രാത്രിതന്നെ ആളുകളെ വീടുകളിൽനിന്ന്‌ പുറത്തെത്തിക്കാനായിരുന്നു ശ്രമം. മണ്ണുമാന്തി യന്ത്രം എത്തിച്ച്‌ റോഡിലെ ചെളി നീക്കാൻതുടങ്ങി.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പുലർച്ചെ 4.10ന്‌ മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി. ആദ്യത്തേതിനേക്കാൾ തീവ്രമായിരുന്നു ഇത്‌. ചൂരൽമലയിലേക്ക്‌ മലവെള്ളവും മരങ്ങളും കുത്തിയൊഴുകി.  രക്ഷാപ്രവർത്തനം നടത്തുന്നവരുൾപ്പെടെ ദുരന്തത്തിന്‌ ഇരയായി. തോട്ടം തൊഴിലാളികളുടെ ലയവും നൂറുകണക്കിന്‌ വീടുകളും ടൗണിലെ ക്ഷേത്രവും ഉരുളെടുത്തു. വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ തകർന്നു.

പ്രദേശമാകെ തരിശുനിലമായി. പരിക്കേറ്റ്‌ മണ്ണിൽപ്പൂണ്ട്‌ കിടന്നവരെയും മരിച്ചവരെയും രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു. പകൽ 11.30ന്‌ പുഴ‌യ്‌ക്ക്‌ കുറുകെ വടംകെട്ടി എൻഡിഎഫ്‌ആർഎഫ്‌ സംഘം അക്കരെ കടന്ന്‌ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉച്ചക്കുശേഷം ഇവിടെനിന്ന്‌ ആളുകളെ വടത്തിൽ തൂക്കിയാണ്‌ പുഴകടത്തിയത്‌. വൈകിട്ടോടെ സൈന്യം താൽക്കാലിക പാലം നിർമിച്ചു.


 

വില്ലൻ
 അതിതീവ്ര മഴ
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പ്രധാന കാരണം അതിതീവ്രമഴയെന്ന്‌ വിദഗ്‌ധർ. ഭൂമിക്കടിയിലെ മണ്ണൊലിപ്പായ സോയിൽ പൈപ്പിങ്‌ പ്രതിഭാസവും കാരണമായിട്ടുണ്ട്‌. വയനാട്ടിൽ അതിതീവ്ര മഴയാണ്‌ കഴിഞ്ഞദിവസം ലഭിച്ചത്‌. പുത്തുമലയിൽ 24 മണിക്കൂറിൽ 372 ഉം 48 മണിക്കൂറിൽ 572 ഉം മില്ലി മീറ്റർ മഴയാണ്‌ രേഖപ്പെടുത്തിയത്‌. വയനാട്ടിൽ രണ്ടാഴ്‌ചയായി തുടർച്ചയായി മഴയുണ്ട്‌. ഇവിടുത്തെ മണ്ണിന്‌ ആഗിരണം ചെയ്യാനാവുന്നതിനേക്കാൾ കൂടുതൽ വെള്ളമാണ് ലഭിച്ചത്. ഇതേ തുടർന്ന്‌ ഉരുൾപൊട്ടലുണ്ടായെന്നാണ്‌ നിഗമനം.

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ബ്ലാക്ക് ലാറ്ററേറ്റ് മണ്ണാണ്‌. വെള്ളം പെട്ടെന്ന് വറ്റുകയും പെട്ടെന്ന് പുറന്തള്ളുകയും ചെയ്യുന്ന മണ്ണാണിത്. ഭൂമിക്കടിയിലെ മണ്ണൊലിപ്പ് മൂലം രൂപപ്പെടുന്ന ഭൂഗർഭ തുരങ്കങ്ങൾ വലുതാകുമ്പോൾ മേൽമണ്ണ്‌ തകർന്ന്‌ കുത്തിയൊലിക്കുകയാണ്‌ ചെയ്യുക. ഈ തുരങ്കങ്ങളിൽ വലിയ അളവിൽ വെള്ളം ശേഖരിക്കപ്പെടും. പിന്നീട് അമിത മഴപെയ്യുമ്പോൾ കൂടുതൽ വെള്ളം സംഭരിക്കാനാകാതെ മുകളിൽനിന്ന് മണ്ണും കല്ലും വെള്ളവും ഒന്നാകെ അതിശക്തിയോടെ പൊട്ടിയൊലിച്ച്‌ താഴെയെത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top